ലോംഗ് ഐലന്റിൽ നഴ്സിംഗ് വിദ്യാർഥിനി വീട്ടിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ


ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ നഴ്സിങ് വിദ്യാർഥിനി ശ്വാസം മുട്ടി മരിച്ച നിലയിൽ.  കെല്ലി ഓവന്‍ (27) എന്ന യുവതിയെ ആണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് 3.30 നാണ് പോലീസ് വീട്ടിൽ മരിച്ചു കിടക്കുന്ന ഓവൻസിനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഉറക്കം ഉണർന്ന് എട്ടുമണിയോടെ ആറു വയസ്സുള്ള മകളെ ഒരുക്കി ഓവൻസിന്റെ പിതാവിനോടൊപ്പം സ്കൂളിലേക്ക് അയച്ചതായി നാസ് കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.

സാധാരണ  ഓവൻസ് സ്കൂൾ വിട്ട് വന്നശേഷം കുട്ടിയെ പഠനകാര്യത്തിൽ സഹായിച്ചിരുന്നു. സംഭവ ദിവസം ഓവൻസിന്റെ പിതാവിനോടൊപ്പം സ്കൂൾ വിട്ട് കുട്ടി വീട്ടിൽ എത്തിയപ്പോൾ ബോധരഹിതയായി നിലത്തു കിടന്നിരുന്ന മാതാവിനെയാണ് കണ്ടത്. മെഡിക്കൽ എമർജൻസി ജീവനക്കാർ ഉടനെ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിനകത്ത് ആരും അതിക്രമിച്ചു കടന്നതായി കാണുന്നില്ലെന്നും എങ്ങനെയാണ്  മരണം സംഭവിച്ചതെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. മാതാപിതാക്കളോടും സഹോദരനോടും ഒപ്പമാണ് ഓവൻസും മകളും ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോൾ ഓവൻസ് നഴ്സിങ് സ്കൂളിൽ നിന്നും അവധിയെടുത്തു വീട്ടിൽ കഴിയുകയായിരുന്നു. പൊലീസ് മരണത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

You might also like

Most Viewed