കൊറോണ വൈറസ് വ്യാപകമാകുമെന്ന ആശങ്ക: വുഹാനിൽ യാത്രാ വിലക്ക്


ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയിൽ ചൈനീസ് നഗരമായ വുഹാനിൽ യാത്രാ വിലക്ക് ഏർ‍പ്പെടുത്തി. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു. പ്രദേശവാസികളോടു നഗരംവിട്ടുപോകരുതെന്നും പ്രാദേശിക ഭരണകൂടം നിർദ്ദേശിച്ചു. നഗരത്തിലെ ബസ് സര്‍വ്വീസുകള്‍, ഫെറികള്‍, ദീര്‍ഘദൂര യാത്രാ സര്‍വീസുകള്‍ എന്നിവയെല്ലാം റദ്ദാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ‍ മാസ്‌ക് ധരിച്ചു മാത്രമേ എത്താവൂവെന്ന് അധികാരികള്‍ നിര്‍ദേശിച്ചു.

വൈറസ് ബാധയെ തുടർന്ന് ചൈനയിൽ ഇതിനോടകം 17 പേരാണ് മരിച്ചത്. നാനൂറ്റന്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അന്പതിലേറെ പേർ ഗുരുതരാവസ്ഥയിലാണ്. വുഹാൻ നഗരത്തിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. 571 പേർക്ക് വൈറസ് ബാധ പിടിപെട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുമെന്നതാണ് രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. 

തായ്‍‍ലൻഡ്, തായ്‍വാൻ, യുഎസ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തായ്‍ലൻഡിൽ നാല് പേർക്കും മറ്റ് രാജ്യങ്ങളിലായി ഒരാൾക്കുവീതമാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസിന്റെ ആഘാതം നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വിയന്നയിൽ അടിയന്തര യോഗം ചേർന്നിരുന്നു. എബോള, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗബാധയെ തുടർന്ന് പുറപ്പെടുവിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) ചൈനയിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനും പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ഡബ്ല്യുഎച്ച്ഒ ചർച്ച വ്യാഴാഴ്ചവരെ നീട്ടിയിരുന്നു.  

You might also like

Most Viewed