അ​മേ​രി​ക്ക​ൻ ബാ​സ്ക​റ്റ് ബോ​ൾ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റും മകളും ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു മ​രി​ച്ചു


ലോസ് ആഞ്ചലസ്: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്‍റ്(41) ഹെലികോപ്റ്റർ തകർന്നു മരിച്ചു. കലിഫോർണിയയിൽ പ്രദേശിക സമയം രാവിലെ പത്തിനാണ് അപകടം ഉണ്ടായത്. ബ്രയന്‍റും മകൾ ജിയാനയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന ഒമ്പതു പേരും അപകടത്തിൽ മരിച്ചു.

ലാസ് വിർജെനെ‌സിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റർ കലബസാസ് മേഖലയിൽ തകർന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചത് ദുരന്തത്തിന്‍റെ ആഴംകൂട്ടി. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

article-image

രണ്ടു പതിറ്റാണ്ടോളം‌ എൻബിഎ ടീം ലോസ് ആഞ്ചലീസ് ലീക്കേഴ്സിന്‍റെ താരമായിരുന്നു ബ്രയന്‍റ്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ടോറന്‍റോ റാപ്ടോർസിനെതിരെ നേടിയ 81 പോയിന്‍റ് എൻബിഎ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2008ൽ എൻബിഎയിലെ മോസ്റ്റ് വാല്യുബിൾ പ്ലേയർ പുരസ്കാരം ബ്രയന്‍റ് നേടി. രണ്ടു തവണ എൻബിഎ സ്കോറിംഗ് ചാമ്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്കറ്റ് ബോൾ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വർണവും സ്വന്തമാക്കി. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്. 

2018ൽ ‘ഡിയർ ബാസ്കറ്റ് ബോൾ’ എന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ബ്രയന്‍റ് സ്വന്തമാക്കിയിട്ടുണ്ട്.

You might also like

Most Viewed