നാസയിലെ ഹ്യൂമൻ കന്പ്യൂട്ടർ കാതറിൻ ജോൺസൺ വിടവാങ്ങി


ന്യൂയോർക്ക്: അമേരിക്കയുടെ ഏറ്റവും അഭിമാനകരമായ ബഹിരാകാശപദ്ധതികളുടെ നെടുംതൂണായി മാറിയ നാസയിലെ ഗണിത ശാസ്ത്രജ്ഞ കാതറിൻ ജോൺസൺ (101) അന്തരിച്ചു. ആഫ്രിക്കൻ-അമേരിക്കന്‍ വനിതയായ കാതറിൻ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ബഹിരാകാശത്തിന്‍റെ ഗണിതം കൈപ്പിടിയിലൊതുക്കി വിസ്മയ നേട്ടങ്ങൾ സാധ്യമാക്കിയത്. വംശീയവും സാമൂഹികവുമായ തടസങ്ങൾ തകർക്കുന്നതായിരുന്നു കാതറിന്‍റെ മികവിന്‍റെ പാരമ്പര്യമെന്ന് നാസ ട്വീറ്റ് ചെയ്തു.

1918 ഓഗസ്റ്റ് 26ന് വെസ്റ്റ് വെർജീനിയയിലെ വൈറ്റ് സൾഫർ സ്പ്രിങ്സിൽ ജോയ്‌ലെറ്റ്, ജോഷ്വാ കോൾമാൻ ദമ്പതികളുടെ നാലു മക്കളിൽ ഇളയ കുട്ടിയായി ജനനം. ചെറുപ്പം മുതല്‍ കണക്കിനോടും സംഖ്യകളോടും കൂട്ടുകൂടിയും കളിച്ചും വളര്‍ന്ന കാതറിന്‍ ഗണിതത്തിലുള്ള അസാമാന്യ വൈഭവം തെളിയിച്ച മിടുക്കിയായിരുന്നു. വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് കോളജിൽ നിന്ന് 1937-ൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് കറുത്തവരുടെ സ്കൂളിൽ അദ്ധ്യാപികയായി ജീവിതം ആരംഭിച്ചു. 1953 ൽ നാകയുടെ (നാഷണൽ അഡ്‌വൈസറി കമ്മിറ്റി എയ്റോനോട്ടിക്സ്) ലാങ്‌ലി ലാബിൽ എത്തിയതോടെ കാതറിന്‍റെ ജീവിതം പുതിയ വഴിത്തിരിവിലെത്തി.. ലബോറട്ടറി മേധാവി ഡൊറോത്തി വോഗന്‍റെ കീഴില്‍ മനു‍ഷ്യ കന്പ്യൂട്ടറായി കാതറിൻ പ്രവർത്തിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഫ്ലൈറ്റ് റിസർച്ച് ഡിവിഷനിലെ പ്രോജക്റ്റിൽ കാതറീന് പ്രധാനപ്പെട്ട ഒരു ജോലി തന്നെ നൽകുകയും ചെയ്തു. പിന്നീടുള്ള നാലു വർഷങ്ങൾ ഫ്ലൈറ്റ് ടെസ്റ്റുകളുമായും വിമാനാപകടങ്ങളുമായും ബന്ധപ്പെട്ട സങ്കീർണമായ ഡേറ്റകൾ വിശകലനം ചെയ്യുന്ന തിരക്കിലായിരുന്നു കാതറിൻ. 1961ല്‍ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരനായിരുന്ന അലന്‍ ഷെപ്പേര്‍ഡിന്‍റെ ടാജെക്റ്ററി നിര്‍ണയിക്കുന്നതില്‍ കാതറീന്‍ ജോണ്‍സണ്‍ പ്രധാന പങ്കുവഹിച്ചു.
1962ൽ ജോൺ ഗ്ലെൻ ഫ്രണ്ട്ഷിപ് ഏഴ് എന്ന പേടകത്തിൽ ഭൂമിയെ മൂന്നു തവണ വലം വച്ചു തിരിച്ചെത്തിയ ചരിത്ര ദൗത്യത്തിന്‍റെ വിജയത്തിനു പിന്നിലും കാതറിന്‍റെ ഗണിത ബുദ്ധിയുണ്ടായിരുന്നു. 1969 ജൂലൈ 21ന് അപ്പോളോ ദൗത്യത്തിലൂടെ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലൂന്നി ചരിത്രം കുറിച്ചപ്പോൾ അതിനു പിന്നിലും കാതറിന്‍റെ മികവുണ്ടായിരുന്നു. 1986ല്‍ കാതറീന്‍ നാസയില്‍നിന്ന് വിരമിച്ചു. 2015ല്‍ പ്രസിഡണ്ട് ഒബാമ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി കാതറിന്‍ ജോണ്‍സനെ ആദരിച്ചു. കാതറിന്‍റെ ജീവിതത്തെ ആധാരമാക്കിയ ഹിഡൻ ഫിഗേഴ്സ് എന്ന ചിത്രം ഓസ്കർ നോമിനേഷൻ നേടിയിരുന്നു.

You might also like

Most Viewed