പിടിമുറുക്കി കൊറോണ; ആഗോള മരണനിരക്ക് 21,000 കടന്നു


വാഷിംഗ്ടൺ: ഇറ്റലിക്ക് പിന്നാലെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ കേന്ദ്രമായി അമേരിക്ക മാറുന്നു. ബുധനാഴ്ച ഒറ്റദിവസം 10,000ൽ അധികം കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 10941 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 66,048 ആയി. ഒരു ദിവസം ഇത്രയും അധികം രോഗികളെ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ഇതുവരെ 944 പേരാണ് യുഎസിൽ കൊറോണ ബാധിച്ച് മരിച്ചത്.

സ്പെയിൻ കഴിഞ്ഞാൽ യുഎസിലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്. യുഎസിൽ ഇതുവരെ 394 പേരാണ് രോഗം ഭേദമായി മടങ്ങിയത്. താൽക്കാലിക ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈന്യമെത്തി. കൊറോണ മരണത്തിൽ ചൈനയെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തോളം പേർ മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ സ്പെയിനിൽ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി. കോവിഡ് മൂലമുളള ആഗോള മരണനിരക്ക് 21,000 കടന്നു. 21,911 പേരാണ് കോവിഡ് മൂലം ഇതുവരെ മരിച്ചത്.

You might also like

Most Viewed