ഐക്യമാണ് ആവശ്യം’ കോവിഡിനെ രാഷ്ട്രീയവൽക്കരിക്കരുത്, ട്രംപിനോട് ലോകാരോഗ്യ സംഘടന


ജനീവ: കൊറോണയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. (ഡബ്ലിയു.എച്ച്.ഒ). സംഘടന ചൈനയ്ക്ക് വേണ്ടി പക്ഷപാതിത്വം കാട്ടിയെന്നും മഹാമാരിയെ ചെറുക്കാൻ വേണ്ടത് ചെയ്തില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. മാത്രമല്ല ഡബ്ലിയു.എച്ച്.ഒ.യ്ക്ക് നൽകിവരുന്ന ഫണ്ട് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡബ്ലിയു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ്. 

നിറം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് ഞങ്ങൾ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തർദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോൾ ആവശ്യം. കോവിഡിനിടെ രാഷ്ട്രീയം ഉപയോഗിക്കരുത്. അമേരിക്കയും ചൈനയും തമ്മിൽ ഈ വിഷയത്തിൽ ആത്മാർഥമായ ഐക്യദാർഡ്യം വേണം. ഏറ്റവും ശക്തരായവർ വഴി തെളിച്ചുകൊടുക്കണം. ദയവായി കോവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈൻ ചെയ്യൂ− ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു. 

അമേരിക്കയാണ് ഡബ്ലിയു.എച്ച്.ഒ.യ്ക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്ക തുടർന്നും സാമ്പത്തിക സഹായം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ഡബ്ലിയു.എച്ച്.ഒ.യ്ക്ക് എതിരായ പരാമർശങ്ങളെ അപലപിച്ച് രംഗത്ത് വന്നിരുന്നു.

You might also like

Most Viewed