ബെയ്‌റൂട്ട് സ്ഫോടനം ആക്രമണമെന്ന് സംശയിക്കുന്നുവെന്ന്‌ ട്രംപ്; അല്ലെന്ന് ലബനൻ


ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായത് പൊട്ടിത്തെറിയല്ലെന്നും ആക്രമണം നടന്നതായി സംശയിക്കുന്നതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബെയ്‌റൂട്ടിലെ സ്‌ഫോടനം സംബന്ധിച്ച് ജനറൽമാരോട് സംസാരിച്ചിരുന്നു. കെമിക്കൽ നിർമ്മാണത്തിലെ പിഴവ് മൂലമുണ്ടാകുന്ന സ്‌ഫോടനമായി തോന്നുന്നില്ലെന്നാണ് അവരും അഭിപ്രായപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ബെയ്‌റൂട്ടിൽ ആക്രമണം നടന്നു എന്നുതന്നെയാണ് വിവരം. ബോംബാക്രമണം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, സംഭവം ആക്രമണമല്ലെന്ന് ലെബനൻ അധികൃതർ പറഞ്ഞു. കാർഷികാവശ്യത്തിനുള്ള അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ് വ്യക്തമാക്കി.

ലെബനൻ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 78 ഓളം പേർക്ക് ജീവൻ നഷ്ടമായി. നാലായിരത്തിലേറെ പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. ലെബനനിലെ ഇന്ത്യൻ എംബസിക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. തുറമുഖത്തിനടുത്തുള്ള വെയർഹൗസിലും സമീപപ്രദേശങ്ങളിലുമായാണ് സ്‌ഫോടനം നടന്നത്.

You might also like

  • Lulu Exchange
  • NEC Remit

Most Viewed