ബഹിരാകാശ മാലിന്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയർ‍ത്തിയതായി നാസ


വാഷിംഗ്ടൺ‍:  ബഹിരാകാശ മാലിന്യങ്ങളിൽ‍നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയർ‍ത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭ്രമണപഥത്തിൽ‍ മാറ്റം വരുത്തിയിരുന്നില്ലായിരുന്നുവെങ്കിൽ‍ ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിയിടയുണ്ടാവുകയും അത് ബഹികാരാശ നിലയത്തിന് ഭീഷണി ആവുകയും ചെയ്യുമായിരുന്നു. റഷ്യയുടെയും അമേരിക്കയുടെയും വിദഗ്ദ്ധർ ഒന്നിച്ചാണ് ഈ പ്രവർത്തനം നിയന്ത്രിച്ചത്. രണ്ടര മിനുട്ടാണ് മാത്രമാണ് ഈ പ്രവർത്തനം നീണ്ടുനിന്നത്. ഭ്രമണപഥം ഉയർത്തിയതിന് പിന്നാലെ 1.4 കിലോമീറ്റർ സമീപത്തുകൂടി ബഹിരാകാശ മാലിന്യങ്ങൾ കടന്നുപോയി.

ഭ്രമണപഥം ഉയർത്തിയ സമയത്ത് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്യത്. ഭ്രമണപഥമുയർത്തൽ പൂർത്തിയായതിന് പിന്നാലെ ഇവർ നിലയത്തിനുള്ളിലേക്ക് മാറുകയും മറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. 2018−ൽ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണി ആയത്. കഴിഞ്ഞവർഷം ഈ റോക്കറ്റിന്റെ ഭാഗങ്ങൾ 77 കഷ്ണങ്ങളായി ചിതറിയിരുന്നു.

ഭൗമോപരിതലത്തിൽ നിന്ന് 420 കിലോ മീറ്റർ ഉയരത്തിൽ 17,000 മൈൽ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ വലംവെക്കുന്നത്. ഇത്രയും വേഗമുള്ളതിനാൽ ചെറിയ വസ്തുക്കൾ പോലും തട്ടിയാൽ ബഹിരാകാശ നിലയത്തിന് വലിയ കേടുപാടുകളാകും സംഭവിക്കുക. ഇത്തരം കൂട്ടിയിടി ഒഴിവാക്കാന് 1998 മുതൽ ഏതാണ്ട് 25 തവണ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.  

You might also like

  • Lulu Exchange

Most Viewed