മനു­ഷ്യ പക്ഷത്ത് നി­ൽ­ക്കു­ന്ന എഴു­ത്തു­കാ­രി - ഷബി­നി­ വാ­സു­ദേവ്


സോന പി.എസ്

ഴുത്ത് സത്യസന്ധവും, മനുഷ്യപക്ഷത്ത് നിൽക്കുന്നവയുമാകണം എന്ന ഉറച്ച കാഴ്ച്ചപ്പാടുള്ള എഴുത്തുകാരിയാണ് ഷബിനി വാസുദേവ്. അതുകൊണ്ടു തന്നെ   ജീവിതയാത്രയിൽ പ്രവാസ ലോകത്തെത്തിയപ്പോഴും, എഴുത്തിന്റെലോകം  തിരിച്ച്  പിടിക്കാൻ അധികമൊന്നും അവർക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. നാടിന്റെ ജീവിതാനുഭവങ്ങളും, ഓർമ്മകളും മനസ്സിൽ നിറച്ച് മണലാരണ്യങ്ങളിലെ പച്ചയായ ജീവിതത്തെയും, മനുഷ്യാവസ്ഥയെയും, ഹൃദയഭാഷ കൊണ്ട് പകർത്തിയെഴുതി എഴുത്തിൻ്റെ ലോകത്ത് തന്റേതായൊരിടം കണ്ടെത്താൻ ഷബിനിക്ക്  എളുപ്പം സാധിച്ചതും അതുകൊണ്ട് തന്നെയാണ്.

ഷബിനിയുടെ എഴുത്തുകളിൽ നിറയുന്നൊരു നീതി ബോധമുണ്ട്. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യൻ എന്ന വലിയ പുസ്തകത്തിൽ നിറയ്ക്കേണ്ട നന്മയും, സ്നേഹവും,  കരുണയും എല്ലാം  അതിൽ വളരെ കയ്യടക്കത്തോടെ അവർ നിറച്ച് വെയ്ക്കുന്നുണ്ട്. വായന തുടങ്ങിയ കാലം മുതൽ തന്നെ സ്വാധീനിച്ച എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ  ചിരി പടർത്തി ചിന്തിപ്പിക്കുന്ന സാഹിത്യവും ഷബിനിയുടെ എഴുത്തുകളിൽ നിറയെ കാണാം. മരുഭൂമിയിലെ സൂര്യകാന്തികൾ, മണൽ മഞ്ഞയിൽ നിന്ന് ഇളം പച്ചയിലേക്ക് എന്ന കൃതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടെലിഫോൺ ബെല്ലടിക്കുന്നു എന്ന കഥക്ക് തപസ്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

എഴുത്തുകാരിയാവുക എന്ന ജീവിതാഭിലാഷത്തിന് വേണ്ടി പരിശ്രമിക്കുക മാത്രമാണ് തന്റെ എഴുത്തുകളിലൂടെ ഇതുവരെ ചെയ്തതെന്നു പറയുന്ന ഷബിനിയുടെ വാക്കുകൾക്കുള്ളിൽ ജീവിതത്തിൽ ഏവരും പാലിക്കേണ്ട സ്വപ്ന സാക്ഷാത്കാരത്തിന് സഹായമാകുന്നൊരു സൂത്രവാക്യമുണ്ട്. എഴുത്തുകാർ എഴുതിക്കൊണ്ടേയിരിക്കുക, ഏതൊരു സാഹചര്യത്തിലും. എഴുത്ത് നില നിർത്തുവാൻ നമ്മൾ ചെയ്യേണ്ടത് ഇത് തന്നെയാണ് എന്നാണ് എഴുത്തിന്റെ ലോകത്തേക്ക് ചുവടുറപ്പിക്കാൻ ഇഷ്ടപ്പെടുന്നവരോട് ഷബിനിക്ക് പറയാനുള്ളത്. അടുത്ത് തന്നെ തന്റെ കഥാസമാഹാരങ്ങളെല്ലാം ചേർത്തൊരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തിരക്കിലാണ് ഷബിനി ഇപ്പോൾ.

ആനുകാലികങ്ങളിൽ ലേഖനങ്ങളും, കഥകളും എഴുതുന്നുണ്ട്. എഴുത്ത് കൊണ്ട് മാത്രമല്ല അവർ നിലപാടുകൾ മുറുകെ പിടിക്കുന്നത്. തന്റെ ജീവിതം കൊണ്ടും അവർ വലിയ നിലപാടുകളെ മുന്നോട്ട് വെച്ചവരാണ്. അതുകൊണ്ടാണ് കേരളത്തിലെ ആദ്യ വനിത ഫിലിം പ്രോജക്ടർ ഓപറേറ്റർ എന്ന ബഹുമതിയും ഷബിനിയെ തേടിയെത്തിയത്. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തണം എന്ന കാഴ്ചപ്പാടാണ് ഒരുകാലത്ത് സ്ത്രീകൾ അധികമൊന്നും കയറി ചെല്ലാത്ത ഫിലിം പ്രൊജക്ടർ ഓപ്പറേറ്റർ എന്ന കോഴ്സ് എടുത്ത് പഠിക്കാൻ പ്രചോദനമായതെന്നും ഷബിനി പറയുന്നത്. മാത്രമല്ല പെയിന്റിംങിലും, പാഴ് വസ്തുക്കൾ കൊണ്ട് അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്നതിലും താൽപര്യമുണ്ട്.

ബഹ്റൈനിലെ ദാദാബായി എയർലാന്റിൽ റിസർവേഷൻ സൂപ്പർ വൈസറായി ജോലി ചെയ്യുന്ന ഷബിനി കെമിസ്ട്രിയിൽ ബിരുദം, പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ജേർണലിസം, ഡിപ്ലോമ ഇൻ ട്രാവൽ മാനേജ്മെന്റ്, IATA/UFTAA ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഷബിനി 19 വർഷമായി കുടുംബത്തോടൊപ്പം ബഹ്റൈനിൽ താമസിച്ചു വരികയാണ്. ഭർത്താവ് വിജു നല്ലാടത്ത്. മിഡൽ കേബിൾസിൽ ജോലി ചെയ്യുന്നു. ഏക മകൾ ശിവാംഗി വിജു ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

You might also like

Most Viewed