എഴുത്തിലെ മാന്ത്രിക സ്പർശം - മായാ കിരൺ


സോന പി.എസ്

ആറടി നീളമാണ് കണക്ക് 

പക്ഷേ ഇതിപ്പോൾ 

രണ്ടടി എത്തിയില്ലല്ലോ” 

ഈ മൂന്ന് വരികൾ മാത്രം മതി. അനീതിക്കെതിരെ എഴുത്തിനെ ആയുധമാക്കിയവരിൽ ഇപ്പോൾ ബഹ്റൈനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന  മായ കിരൺ എന്ന എഴുത്തുകാരിയുമുണ്ട് എന്ന് നിസ്സംശയം പറയാൻ. മായ കിരൺ എന്ന എഴുത്തുകാരിയുടെ വരികളിലൂടെ സഞ്ചരിക്കുന്പോൾ വാക്കുകൾക്കുള്ളിൽ നിന്നും മനസ്സിലേക്ക് പടർന്നു കയറുന്നൊരു  തീയുണ്ട്. സമകാലിക സംഭവങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധാഗ്നി തന്നെയാണത്.  തന്റെ എഴുത്തുകളിലൂടെ യാഥാർത്ഥ്യങ്ങളോട് നേരെ നിന്നുകൊണ്ട് തന്നെ  സംവദിക്കുന്ന മായ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ട ഹർത്താലിനെ കുറിച്ചും, കഠ്്വ സംഭവവും, ദുർഗമാലതിയുടെ നിലപാടിനെ കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം  എഴുത്തിനെ ജീവിതത്തോട് ചേർത്തെഴുതാൻ തന്നെയാണ് തീരുമാനം. മന്ത്രവാദത്തെ പശ്ചാത്തലമാക്കി  2017ൽ എഴുതിയ  ആദ്യനോവലായ ഞാൻ വൈദേഹി എന്ന മായയുടെ മാന്ത്രികനോവലിന് പ്രവാസലോകത്ത് നിന്നും കേരളത്തിൽ നിന്നുമുള്ള സാഹിത്യ പ്രേമികളുടെ നല്ല അഭിപ്രായമാണ് ലഭിച്ചത്. വാക്കിലും വരിയിലും, വായനക്കാരന്റെ ഹൃദയത്തെ കീഴടക്കുകയും, ചിന്തകളെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്ന തന്റെ കവിതാസമാഹാരങ്ങളെല്ലാം ചേർത്ത് ഒരുപുസ്തകമിറക്കുന്നതിലുള്ള തിരക്കിലാണ് ഇപ്പോൾ മായ. സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ, മാറുന്ന ജീവിതത്തോടുള്ള പുതുസമീപനങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങി സാമൂഹിക പ്രസക്തിയുള്ളവയെല്ലാം കവിതയ്ക്ക്  വിഷയങ്ങളാകാറുണ്ട്. മാറുന്ന കവിതാരചനാ രീതികൾക്കനുസരിച്ച് എഴുതാൻ ശ്രമിക്കാറുണ്ടെന്നാണ് മായയുടെ ഭാഷ്യം. എന്നാൽ കവിതയിൽ കാൽപ്പനികത തിരയുന്നവർക്കും,  യാഥാർത്ഥ്യത്തെ അന്വേഷിക്കുന്നവർക്കും  ഒരുപോലെ ഇഷ്ടപ്പെടുന്ന ആഖ്യാനശൈലിയാണ് മായയുടേത്. 

അറബ് ടെക്കിൽ ജോലി ചെയ്യുന്ന കിരണിനെ വിവാഹം ചെയ്ത ശേഷമാണ് മായ ബഹ്റൈനിൽ എത്തുന്നത്.  ഭർത്താവ് കിരണിന്റെയും സുഹൃത്തുകളുടെയും പ്രാത്സാഹനം ലഭിച്ചതോടെ എഴുത്തിന്റെ ലോകത്ത് വീണ്ടും സജീവമായി. ബഹ്റൈനിലെ കലാസാഹിത്യ മത്സരങ്ങളിലും, അക്ഷരവേദി, ക്വീൻ 4, എഞ്ചിനേഴ്സ് ഫോറം എന്നീ സംഘടനകളിലും പ്രവർത്തിക്കുന്നുണ്ട്.

ബാല്യം മുതൽ വായനയുടേയും എഴുത്തിന്റെയും ലോകത്ത് സജീവമായിരുന്നു മായ. സ്കൂൾ കാലഘട്ടങ്ങളിൽ രണ്ട് തവണ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സംസ്കൃതോത്സവ കലാതിലകമായിരുന്നു. സംസ്കൃത ഭാഷാ നൈപുണ്യത്തിന് 2001ലെ ജോസഫ് മുണ്ടശ്ശേരി അവാർഡിനും, ആ വർഷത്തിൽ തന്നെ കല− കുവൈത്ത് ആർട്ട്സ് ആൻഡ് ലിറ്ററേച്ചർ അസോസിയേഷൻ പുരസ്കാരം. ഭാഷാ വിഷയങ്ങളിൽ കേരളത്തിൽ നിന്നു ഉയർന്ന മാർക്ക് നേടിയതിനുള്ള പുരസ്കാരം എന്നിവയെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. എഴുത്തിനോടൊപ്പം തന്നെ സംഗീതത്തിലും ചിത്രകലയിലും താൽപ്പര്യമുണ്ട്. അബ്സ്ട്രാക്ട് പെയിന്റിഗും, മ്യൂറൽ പെയിന്റിംഗും, അക്രിലിക് പെയിന്റിഗുമാണ് കൂടുതൽ ഇഷ്ടം.  സംസ്കൃത പദ്യപാരായണം കേട്ട് ശരത്ചന്ദ്രവർമ്മ വയലാറിന്റെ സുഹൃത്ത് ഷാജി ഇല്ലത്ത് എന്ന എഴുത്തുകാരനാണ്   നാരായണീയം എന്ന ആൽബത്തിൽ പാടാനുള്ള അവസരം നൽകുന്നത്.   ആലപ്പുഴ ജില്ലയിലെ ചേർത്തലയാണ് സ്വദേശം ഭർത്താവ് കിരൺ, മകൻ ആദ്യത്യനാഥ്.

You might also like

Most Viewed