പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു വീണ്ടും സംഘർഷം


കൊച്ചി : പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി വീണ്ടും സംഘർഷം. പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു. രണ്ടു ദിവസം മുൻപു സമരക്കാർ ഹൈക്കോടതി ജംക്‌ഷനിലേക്കു നടത്തിയ പ്രതിഷേധ പ്രകടനവും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചിരുന്നു.

ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ സമരം നടന്നുവരുന്നത്. എല്ലാ അനുമതിയോടെയുമാണു ടെർമിനൽ നിർമാണം ആരംഭിച്ചതെന്നും സമരം മൂലം നിർമാണം നടക്കാത്തതിനാൽ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു. എന്നാൽ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ ടെർമിനൽ നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെടുന്നു. സമരക്കാരെ പൊലീസ് നേരിടുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പൊലീസ് ലാത്തി വീശിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയാണ്. പൊലീസ് തിരികെ പോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് വന്നതെന്ന് സമരക്കാർ ആരോപിച്ചു.

അതേസമയം, പുതുവൈപ്പിലെ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നടപടി അംഗീകരിക്കില്ല. ചർച്ചകളിലൂടെ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed