കൊച്ചി മെട്രോ പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിച്ചു : ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ നീണ്ട ക്യു


കൊച്ചി : കൊച്ചി മെട്രോ പൊതുജനങ്ങൾക്കായുള്ള യാത്ര ആരംഭിച്ചു. ആദ്യ സർവീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയിൽനിന്നും ആരംഭിച്ചു. മെട്രോയിൽ ആദ്യയാത്ര ചെയ്യാൻ രാവിലെ അഞ്ചര മുതൽ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ പൊതുജനങ്ങളുടെ നീണ്ട തിരക്കാണ് അനുഭവപ്പെട്ടത്.

മറ്റു ജില്ലകളിൽനിന്നുള്ളവരും മെട്രോയിലെ ആദ്യയാത്രയ്ക്കായി എത്തിയിരുന്നു. 5.45 മുതൽ ടിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങി. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ എംഡി ഏലിയാസ് ജോർജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിരാവിലെതന്നെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയിരുന്നു. മെട്രോയ്ക്ക് ഒരു ദിവസം 219 ട്രിപ്പുകൾ ഉണ്ടാകും. ഒൻപതു മിനിട്ടിന്റെ ഇടവേളയിലാണു ട്രെയിനുകൾ പുറപ്പെടുന്നത്.

മെട്രോയിലെ സ്ഥിരം യാത്രക്കാർക്കുള്ള 'കൊച്ചി വൺ സ്മാർട് കാർഡുകൾ' സ്റ്റേഷനുകളിൽനിന്നു കൊടുത്തുതുടങ്ങി. പേരും ഫോൺ നമ്പരും നൽകിയാണു കാർഡിനു റജിസ്റ്റർ ചെയ്യേണ്ടത്. വില 150 രൂപയാണ്. ഇതിനു പുറമേ 50 രൂപ റീചാർജ് ചെയ്യുന്നതിനായി നൽകണം. കാർഡ് റീചാർജ് ചെയ്ത് ഉപയോഗിക്കാം.

ആദ്യ ദിവസമായതിനാൽ സ്റ്റേഷനിലെ ജീവനക്കാർക്കു പുറമേ കെഎംആർഎല്ലിലെ ഉദ്യോഗസ്ഥരും ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് വിഭാഗം ജീവനക്കാരുമെല്ലാം യാത്രക്കാർക്കു നിർദേശം നൽകാൻ സ്റ്റേഷനുകളിലുണ്ട്. തിരക്കു നിയന്ത്രിക്കാൻ ഓരോ സ്റ്റേഷനു മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് വാഹനങ്ങളുടെ പട്രോളിങ്ങുമുണ്ടാകും.

ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം എന്നിവയാണു സ്റ്റേഷനുകൾ. സ്റ്റേഷനുകളിൽനിന്നു ടിക്കറ്റെടുക്കാം. മിനിമം യാത്രാനിരക്ക് 10 രൂപയാണ്. ആലുവയിൽനിന്നു പാലാരിവട്ടം വരെ 40 രൂപക്ക് 25 മിനിറ്റുകൊണ്ടെത്താം.

You might also like

Most Viewed