ജേക്കബ്ബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച് പുതിയ ഉത്തരവ്


തിരുവനന്തപുരം : അവധി കഴിഞ്ഞെത്തിയ ജേക്കബ്ബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങി. ഇതോടെ ജേക്കബ്ബ് തോമസ് വിജിലന്‍സ് തലപ്പത്തേക്ക് വീണ്ടും എത്തില്ലെന്ന് ഉറപ്പായി.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി). സത്യജിത് രാജന്‍ ഐഎഎസ് ആണ് നിലവില്‍ ഐഎംജി ഡയറക്ടര്‍.

ജേക്കബ് തോമസിന്റെ രണ്ടര മാസത്തെ അവധി ഇന്നലെയാണ് അവസാനിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചതെങ്കിലും ഈ സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതോടെ അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. തിരികെ എത്തുമ്പോള്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തയച്ചിരുന്നു.

ജൂൺ 30ന് ടിപി സെൻകുമാർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡിജിപിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവി‍ന്റെ പശ്ചാത്തലത്തിൽ മുതിർന്ന ഡിജിപിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാൽ, ഡിജിപി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താൽപര്യമുണ്ടെങ്കിലും പാർട്ടിയെ മറികടന്ന് തീരുമാനമെടുക്കാൻ സാധ്യതയില്ല.

You might also like

Most Viewed