നിർണായക തെളിവായ മെമ്മറി കാർഡ് പൊലീസ് കണ്ടെടുത്തു


കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് പൊലീസ് കണ്ടെടുത്തു. ഒളിവിലായ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറിൽനിന്നാണ് മെമ്മറി കാർഡ് കണ്ടെത്തിയത്. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാർഡ് പിടിച്ചെടുത്തത്.

എന്നാൽ നിലവിൽ മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാർഡ്. എന്നാൽ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ മൊഴി.

ഇന്നലെയാണ് അഭിഭാഷകൻ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിൽ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാർഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. കേസിലെ നിർണായക തെളിവായ ഫോണും മെമ്മറി കാർ‌ഡും വീണ്ടെടുക്കാൻ പൊലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കിട്ടിയില്ല. ഇതേത്തുടർന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed