നഴ്സുമാർ സമരം തുടരുന്നു : നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിച്ചു


കണ്ണൂര്‍ : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിച്ചു. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്സിങ് സ്കൂളുകളിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്. ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് വിദ്യാർഥികളുടെ സേവനം ലഭ്യമാക്കുക. ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ (ഐഎൻഎ) സമരം തുടരുകയാണ്.

നഴ്സിങ് കോളജുകളിലെ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ ജോലി ചെയ്യുന്നത്. ഒന്നാംവർഷ വിദ്യാർഥികൾക്കു മാത്രമാണ് നഴ്സിങ് കോളജുകളിൽ ക്ലാസുണ്ടാവുക. സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരും ജോലികൾക്കു നേതൃത്വം നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതോടെയാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ചത്.

ജോലിക്കെത്തുന്ന വിദ്യാർഥികൾക്ക് 150 രൂപ വീതം വേതനം നൽകണമെന്നാണ് കലക്ടറുടെ നിർദേശം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐഎൻഎ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവൻവച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റ‍ഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ആരോപിച്ചു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed