ദിലീപിന് ജാമ്യം നിഷേധിച്ചത് തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതിനാൽ


കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങൾ നിസാരമായി കാണില്ലെന്ന് തിരിച്ചറിയണം. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ വിശദമാക്കുന്നു.

ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയത്. പ്രതിക്കു ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്തായിരുന്നു നടപടി. ഇരയായ നടിയുടെ സുരക്ഷാ പ്രശ്നവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു.

കേസിന്റെ ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ പങ്കാളിയായ സഹായിയും ഡ്രൈവറുമായ അപ്പുണ്ണി കഴിഞ്ഞ തിങ്കളാഴ്ച ദിലീപ് അറസ്റ്റിലായ ശേഷം ഒളിവിൽ പോയതും കുറ്റകൃത്യത്തിൽ ദിലീപിന്റെ പങ്കാളിത്തം വെളിവാക്കുന്നതായി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ദിലീപിനെ ഏൽപിക്കാൻ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഒളിവിലാണ്.

കൂട്ടമാനഭംഗക്കേസിലെ ഗൂഢാലോചനയെക്കുറിച്ചു പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ നേരിടുമ്പോൾ പോലും സ്വകാര്യ പബ്ലിക് റിലേഷൻസ് (പിആർ) സ്ഥാപനത്തിനു പണം നൽകി അന്വേഷണത്തെ വഴിതെറ്റിക്കാൻ നടത്തിയ നീക്കം പ്രതി ദിലീപിന്റെ സാമ്പത്തിക ശക്തിക്കും സ്വാധീനത്തിനും തെളിവായി പ്രോസിക്യൂഷൻ കോടതി മുൻപാകെ അവതരിപ്പിച്ചു.

You might also like

Most Viewed