സോ­ളാർ തട്ടി­പ്പ് : ഉമ്മൻ ­ചാ­ണ്ടി­ക്കും തി­രു­വഞ്ചൂ­രി­നും ആര്യാ­ടനു­മെ­തി­രെ­ കേസ്‌


തിരുവനന്തപുരം : മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർ‍ക്കാർ‍ തീരുമാനിച്ചു. സോളാർ‍ കമ്മീഷൻ റിപ്പോർ‍ട്ടിലെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ‍ വിളിച്ചു ചേർ‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കാനും സർക്കാർ തീരുമാനിച്ചു. ഉമ്മൻ ചാണ്ടിയെ കേസിൽനിന്നു രക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചെന്നാണ്  തിരുവഞ്ചൂരിനെതിരെയുള്ള കണ്ടെത്തൽ. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ടീം സോളാറിനെയും സരിതാ എസ്. നായരെയും സഹായിച്ചതായും സോളാർ‍ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. 

സോളാർ കേസ് പ്രതികളെ രക്ഷിക്കാൻ മനഃപൂർവ്വം ഇടപെടുകയും ക്രിമിനൽ കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മുൻ എം.എൽ.എമാരായ തന്പാനൂർ രവി, ബെന്നി ബെഹനാൻ എന്നിവർക്കുമെതിരെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് എ.ഡി.ജി.പി കെ. പത്മകുമാറിനും ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണനും എതിരെ കേസെടുക്കും.

ഇവർക്ക് പുറമേ, 2013 ജൂലൈ 19ന് സരിത നായർ പുറത്തുവിട്ട കത്തിൽ പറഞ്ഞ പേരുകാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കും. മാനഭംഗത്തിന് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കെ.സി വേണുഗോപാൽ എം.പി, ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ ഹൈബി ഈഡൻ, എ.പി അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, എ.ഡി.ജി.പി കെ. പത്മകുമാർ തുടങ്ങിയവരുടെ പേരുകൾ കത്തിൽ പറഞ്ഞിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരും ടീം സോളാർ കന്പനിയെയും സരിത എസ്. നായരെയും ഉപഭോക്താക്കളെ വഞ്ചിക്കാൻ സഹായിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മീഷന്റെ പത്ത് കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും അവയിൽ കൈക്കൊണ്ട നടപടികളും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. കമ്മീഷൻ റിപ്പോർട്ട്, നടപടി റിപ്പോർട്ട് സഹിതം ആറ് മാസത്തിനകം നിയമസഭയിൽ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സോളാർ കമ്മിഷൻ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘത്തെ നയിക്കുക ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനാണ്. ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്.പി പി.ബി. രാജീവ്, വിജിലൻസ് ഡി.വൈ.എസ്.പി ഇ.എസ്. ബിജിമോൻ, തിരുവനന്തപുരം സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി എ. ഷാനവാസ്, കൊല്ലം എസ്.ബി.സി.ഐ.ഡി ഡി.വൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള എന്നിവരാണ് സംഘാംഗങ്ങൾ.

You might also like

Most Viewed