ദേ­വസ്വം ബോ­ർ­ഡി­ന്റെ­ കാ­ലാ­വധി­ ചു­രു­ക്കി­യ ഓർ­ഡി­നൻ‌­സ് ഗവർ­ണർ മടക്കി­


തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ സർക്കാർ ഓർഡിനൻസ് ഗവർണർ പി. സദാശിവം മടക്കി. ഓർ‍ഡിനൻസുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസിന് നിയമസാധുത ഉണ്ടോയെന്ന് ഗവർണർ ചോദിച്ചു. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടുവർഷമാക്കി കുറച്ചുകൊണ്ട് ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഗവർണർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് നിലവിലെ ബോർഡിന്റെ കാലാവധി അവസാനിക്കും. ഇതോടെ പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പുറത്താകും. 1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്.

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ പ്രസിഡണ്ടുമാർക്കും അംഗങ്ങൾക്കും നൽകുന്ന ഓണറേറിയം കുറവെന്ന പരാതി പരിഹരിച്ച് നിയമം ഭേദഗതി ചെയ്യും. ഇപ്പോൾ പ്രസിഡണ്ടിന്റെ ഓണറേറിയം 5000 രൂപയും അംഗങ്ങളുടേത് 3500 രൂപയുമാണ്. സിറ്റിംങ് ഫീസ് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ല. 

പത്തുവർ‍ഷം മുന്പ് നിശ്ചയിച്ച ഓണറേറിയമാണ് ഇപ്പോഴും നൽകുന്നത്. കാലാകാലങ്ങളിൽ ഓണറേറിയവും സിറ്റിംങ് ഫീസും പുതുക്കി നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൂടി പുതിയ നിയമത്തിൽ ഉൾപ്പെടുത്തും.

കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത് നാലുവർഷമായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി, സി.പി.എമ്മിലെ ജി. സുധാകരൻ ദേവസ്വം മന്ത്രിയായപ്പോൾ കാലാവധി രണ്ടുവർഷമാക്കി കുറച്ചിരുന്നു. തുടർന്ന് അധികാരത്തിൽ എത്തിയ യു.ഡി.എഫ് സർക്കാർ ദേവസ്വം ബോർഡിന്റെ കാലാവധി മൂന്ന് വർഷമായി ദീർഘിപ്പിച്ചാണ് മുൻ എം.എൽ.എ കൂടിയായ പ്രയാർ ഗോപാലകൃഷ്ണനെ പ്രസിഡണ്ടായി നിയമിച്ചത്.

You might also like

Most Viewed