രാജിയാണ് ഉത്തമം : തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളി


കൊച്ചി : കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. ജസ്റ്റിസുമാരായ പി.എൻ രവീന്ദ്രനും ദേവൻ രാമചന്ദ്രനും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. സർക്കാരിനെ എതിർകക്ഷിയാക്കി മന്ത്രിക്കു ഹർജി നൽകാനാവില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. കലക്ടറുടെ റിപ്പോർട്ടിൽ അപാകതകളുണ്ടെന്നും അവ പരിഹരിക്കാൻ അവസരം വേണമെന്നും തോമസ് ചാണ്ടി വാദിച്ചു.

ഹർജി പരിഗണിച്ച കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ പോകാനാകില്ല. ദന്തഗോപുരത്തിൽനിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സർക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സർക്കാർ ഹർജിയെ എതിർക്കുന്നതെന്നും കോടതി പറഞ്ഞു. മന്ത്രി എന്ന നിലയിൽ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. എന്നാൽ ഹർജി പിൻവലിക്കുന്നില്ല എന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

ചരിത്രത്തിൽ ആദ്യമായിട്ടാവും സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് എന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കളക്ടറുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കളക്ടറുടെ റിപ്പോർട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതിൽ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമർശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഈ വിഷയത്തിൽ ഇത്തരമൊരു ഹർജിയുമായി ആയിരുന്നില്ല കോടതിയിൽ വരേണ്ടിയിരുന്നത് എന്നും കലക്ടറുടെ റിപ്പോർ‍ട്ടിൽ‍ നടപടിക്ക് ഉത്തരവുണ്ടെങ്കിലേ ചോദ്യം ചെയ്യാനാകൂവെന്നും കോടതി ചൂണ്ടികാട്ടി.

You might also like

Most Viewed