കാ­ലാ­വധി­ അവസാ­നി­ക്കാൻ മൂ­ന്ന് ­മാ­സം : നിർമ്മാണം എങ്ങു­മെ­ത്താ­തെ­ ഇടു­ക്കി­ മെ­ഡി­ക്കൽ കോ­ളേ­ജ്


ചെറുതോണി : ഇടുക്കി മെഡിക്കൽ കോളേജിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കേണ്ട കാലാവധി അവസാനിക്കാൻ ഇനി മൂന്നുമാസം മാത്രം ബാക്കിയിരിക്കെ കെട്ടിട നിർമ്മാണം പൂർത്തിയാകാൻ ആറ് മാസമെങ്കിലും വേണ്ടിവരുമെന്ന് കിറ്റ്കോ അധികൃതർ. 70 ശതമാനം പണി ഇനിയും പൂർത്തിയാകാനുണ്ട്. സർക്കാർ അംഗീകൃത സ്വകാര്യ ഏജൻസിയായ കിറ്റ്കോയാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. 

സർക്കാരിന്റെ ഫണ്ട് ലഭിക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിൽ താമസം നേരിടുന്നതിനാൽ പണം കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നാണ് കിറ്റ്കോ അധികൃതരുടെ ആക്ഷേപം. അക്കാദമിക് ബ്ലോക്കിന്റെ വൈദ്യുതികരണത്തിന് സങ്കേതിക അനുമതി ലഭ്യമാകാൻ വൈകിയതാണ് നിർമ്മാണ പ്രവർത്തനം താമസിക്കാൻ കാരണമായത്. 70 കോടിരൂപ സർക്കാർ അനുവദിച്ചതിൽ ഒന്നര വർഷം കൊണ്ട് ചിലവഴിച്ചത് 14 കോടി രൂപ മാത്രമാണ്്. അക്കാദമിക് ബ്ലോക്ക്, ആശുപത്രി ബ്ലോക്ക് എന്നീ രണ്ട് ഭാഗങ്ങളിലായിട്ടാണ് 2016 ആഗസ്റ്റിൽ 70 കോടി രൂപയുടെ കെട്ടിടനിർമ്മാണം ആരംഭിച്ചത്. 

ആശുപത്രി ബ്ലോക്കിന് 59,23,48,654 രൂപയും അക്കാദമിക് ബ്ലോക്കിന് 10,32,6991 രൂപയുമാണ് സർക്കാർ അനുവദിച്ചത്. കെട്ടിടത്തിന്റെ ഓരോ ഘട്ടം പൂർത്തികരിച്ച് ബില്ല് മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിന് നൽകുന്നതനുസരിച്ച് പണം നൽകും. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി പ്രകാരം 12 കോടിയും അക്കാദമിക് ബ്ലോക്കിന് 2.10 കോടി രൂപയും ഇതുവരെ നൽകി. അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തികരിക്കേണ്ട കാലാവധി അവസാനിച്ചു. ആശുപത്രി ബ്ലോക്കിന്റെ കാലാവധി മാർച്ച് 31−ന് അവസാനിക്കും. ആശുപത്രിയുടെ രണ്ട് ബ്ലോക്കിൽ ഒരു ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. രണ്ടാമത്തെ ബ്ലോക്കിന്റെ ഫൗണ്ടേഷൻ പണി പൂർത്തികരിച്ചു. 

ഫണ്ട് കൃത്യമായും ലഭ്യമായാൽ നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുവാൻ കഴിയുമെന്നാണ് കിറ്റ്കോ അധികൃതരുടെ വിശദീകരണം. മെഡിക്കൽ കോളേജ് കെട്ടിട നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. കിറ്റ്കോ നിർമ്മാണം പൂർത്തികരിക്കുന്നതനുസരിച്ച് സർക്കാർ പണം നൽകുന്നുണ്ട്. സമർപ്പിച്ച ബില്ലുകളുടെ പണം പൂർണമായും നൽകിയിട്ടുണ്ട്. ആശുപത്രി ബ്ലോക്ക് 2018 മാർച്ച് 31−ന് പൂർത്തികരിക്കേണ്ട
താണ്. 60 കോടിരൂപയുടെ 12 കോടിരൂപ മാത്രമാണ് കിറ്റ്കോ വാങ്ങിയത്. സർക്കാർ ഫണ്ട് വകമാറ്റാറുണ്ടെന്ന ആരോപണം കിറ്റ്കോ അധികൃതരും സമ്മതിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് നിർമ്മാണത്തിനുള്ള  ഫണ്ട് വകമാറ്റി ചിലവഴിക്കുന്നത് കിറ്റ്കോയുടെ അനാസ്ഥയാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നിലപാട്.

You might also like

Most Viewed