ഓഖി­ ദു­രന്തം : മരി­ച്ചവരു­ടെ­ കു­ടുംബത്തിന് 20 ലക്ഷം നഷ്ടപരി­ഹാ­രം


തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ നാശം വിധച്ച ഓഖി ചുഴലിക്കാറ്റിൽ ദുരിതബാധിതർ‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നൽ‍കി. പാക്കേജിന്റെ വിശദാംശങ്ങൾ‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ‍ക്ക് ഇരുപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽ‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർ‍ഡിൽ‍ നിന്ന് അഞ്ച് ലക്ഷം രൂപയും ബദൽ‍ ജീവിതമാർ‍ഗ്ഗം കണ്ടെത്താൻ ഫിഷറീസ് വകുപ്പിൽ‍ നിന്ന് അഞ്ച് ലക്ഷം രൂപയും ഇന്നിങ്ങനെ മൊത്തം 20 ലക്ഷം രൂപയാവും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ‍ക്ക് നൽ‍കുക. ദുരന്തത്തിൽ‍ ഗുരുതരമായി പരിക്കേറ്റവർ‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽ‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അപകടത്തിൽ പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകും. മത്സ്യത്തൊഴിലാളികളിൽ മുതിർ‍ന്നവർ‍ക്ക് 60 രൂപയും കുട്ടികൾ‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്ക് അനുവദിക്കും. മത്സ്യത്തൊഴിലാളികൾ‍ക്ക് ഒരു മാസത്തേയ്ക്ക് സൗജന്യറേഷനും ചുഴലിക്കാറ്റിൽ‍ ജീവനോപാധി നഷ്ടപ്പെട്ടവർ‍ക്ക് നഷ്ടം കണക്കാക്കി തത്തുല്യമായ നഷ്ടപരിഹാരവും കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഓഖി ചുഴലിക്കാറ്റ് കേരളം നേരിട്ട അപ്രതീക്ഷിത ദുരന്തമാണെന്നും ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽ‍കുന്നതിൽ‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയിട്ടില്ല. ചുഴലിക്കാറ്റ് കനത്തനാശം വിതച്ച 30ന് മാത്രമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ‍ നിന്നും സന്ദേശം ലഭിച്ചതെന്നും അപ്പോൾ‍ തന്നെ വിവരം കൈമാറിയ്യെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ 29ന് ഇ-മെയിലിലോ മറ്റേതെങ്കിലും രീതിയിലോ ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. കിട്ടിയ സന്ദേശം ന്യൂനമർ‍ദ്ദത്തെക്കുറിച്ച് ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ‍ നിന്നും സന്ദേശം ലഭിച്ചതാകട്ടെ 30ന് മാത്രമാണ്. അത് ഉടൻ തന്നെ കൈമാറി. എന്നാൽ‍ മുന്നറിയിപ്പ് നൽ‍കും മുന്പ് തന്നെ മത്സ്യത്തൊഴിലാളികൾ‍ കടലിൽ‍ പോയിരുന്നു. ഇക്കാര്യത്തിൽ‍ സർ‍ക്കാരിന് ഒരു തരത്തിലുമുള്ള വീഴ്ചയും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ മുൻപ് എല്ലാ 12 മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകണമെന്നാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ധം. രണ്ട് ദിവസം മുൻപ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച് അറിയിപ്പ് നൽകണം. എന്നാൽ ഓഖിയുടെ കാര്യത്തിൽ ഇതൊന്നുമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം 11 മത്സ്യത്തൊഴിലാളികളെ നാവികസേന ലക്ഷദ്വീപിനടുത്ത് നിന്നും ഇന്ന് കണ്ടെത്തി. പുലർ‍ച്ചെ മൂന്ന് മണിക്ക് ലക്ഷദ്വീപിലെ ബത്രയിൽ‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇവർ‍ കന്യാകുമാരി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർ‍ത്തനം ഇപ്പോഴും ശക്തമായി തുടരുകയാണ്. നാവിക സേനയുടേയും, തീരദേശ സംരക്ഷണ സേനയുടെയും വ്യോമസേനയുടെയും അത്യാധുനിക സംവിധാനങ്ങളെല്ലാം ഏകോപിപ്പിച്ചാണ് തിരച്ചിൽ‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങിവന്നിട്ടില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ചെറുവള്ളങ്ങളിൽ പോയ നൂറിലേറെ മത്സ്യത്തൊഴിലാളികൾ ഇപ്പോഴും കടലിൽനിന്നും മടങ്ങിയിട്ടില്ലെന്നും അതിരൂപത അറിയിച്ചു. എന്നാൽ, സർക്കാർ കണക്കിൽ 92 പേരാണ് ഇനിയും മടങ്ങിവരാനുള്ളത്. 

അതിനിടെ ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തേയ്ക്ക് എത്തിയതോടെ ചുഴലിക്കാറ്റ് വീണ്ടും ന്യൂനമർ‍ദ്ദമായി മാറുകയാണ്. എന്നിരുന്നാലും ഗുജറാത്ത് തീരങ്ങളിൽ‍ ജാഗ്രതാ നിർദ്‍ദേശം നൽ‍കിയിട്ടുണ്ട്.

You might also like

Most Viewed