മലപ്പു­റം പാ­സ്പോ­ർ­ട്ട് ഓഫീസ് പൂ­ട്ടി­യ നടപടി­ മരവി­പ്പി­ച്ചു­


മലപ്പുറം : മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് പൂട്ടി കോഴിക്കോട് ഓഫീസിൽ ലയിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചു. കിഴക്കേത്തലയിലെ കെട്ടിടത്തിൽത്തന്നെ പാസ്പോർട്ട് ഓഫീസ് തുടർന്നും പ്രവർത്തിപ്പിക്കണമെന്നു നിർദ്ദേശം. കെട്ടിടത്തിന്റെ വാടകക്കരാർ ഒരു മാസത്തേക്കു നീട്ടാനും മന്ത്രാലയത്തിലെ ഡെപ്യൂട്ടി പാസ്പോർട്ട് ഓഫീസർ ആവശ്യപ്പെട്ടു. 

നവംബർ 30ന് അകം മലപ്പുറം പാസ്പോർട്ട് ഓഫീസ് പൂട്ടണമെന്നു നിർദ്ദേശിച്ചു മന്ത്രാലയം ഉത്തരവിറക്കിയത് സപ്തംബറിലാണ്. ഭരണസൗകര്യം, സാന്പത്തികമെച്ചം തുടങ്ങിയ കാരണങ്ങളാണ് മന്ത്രാലയം നിരത്തിയത്. തുടർന്നു പാസ്പോർട്ട് ഓഫീസർ ജി.ശിവകുമാറിനെ കോയന്പത്തൂരിലേക്ക് സ്ഥലംമാറ്റി. നവംബർ നാലു മുതൽ ഓഫീസിലെ സാധനസാമഗ്രികൾ കോഴിക്കോട്ടേക്കു മാറ്റി.

പതിനേഴോടെ പ്രവർത്തനം ഭാഗികമായി നിർത്തി. അപേക്ഷകൾ സ്വീകരിക്കുന്നതും അവസാനിപ്പിച്ചു. പിന്നീട് ഓഫീസറും നാലു ജീവനക്കാരും മാത്രം. കഴിഞ്ഞ 30ന് പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചു.  പാസ്പോർട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒട്ടേറെസംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയും ചെയ്തി രുന്നു.

മലപ്പുറം പാസ്പോർട്ട് ഓഫീസ് പൂട്ടി കോഴിക്കോട് ഓഫീസിൽ ലയിപ്പിക്കാനുള്ള ഉത്തരവിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒപ്പുവച്ചിട്ടില്ല എന്ന കാരണത്താലാണ് മുൻതീരുമാനം മരവിപ്പിച്ചതെന്ന് അനൗദ്യോഗിക വിവരം. ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയതു വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി പാസ്പോർട്ട് ഓഫീസർ മുഹമ്മദ് നസീമായിരുന്നു. ഉത്തരവിലെ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണു തീരുമാനം മരവിപ്പിച്ചതെന്നാണു സൂചന.

അതേസമയം പാസ്പോർട്ട് ഓഫീസ് മലപ്പുറത്തുതന്നെ നിലനിർത്തിക്കൊണ്ടു വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയെങ്കിലും കാര്യങ്ങൾ പൂർവസ്ഥിതിയിലാകാൻ കാലതാമസമെടുത്തേക്കും. 31 വരെ സമയംകിട്ടിയാലേ ഇനി കാര്യങ്ങൾ പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാൻ കഴിയൂ എന്നു ജീവനക്കാർ പറയുന്നു. പിഴവുകൾ തിരുത്തി പുതിയ ഉത്തരവിറക്കി ഓഫീസ് എന്നന്നേക്കുമായി പൂട്ടാനുള്ള നീക്കങ്ങൾ അതിനിടയിൽ നടക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥരിൽ ചിലർ പറയുന്നു.

You might also like

Most Viewed