സുരക്ഷാപരിശോധനകളില്ല : അതിർത്തി വഴിയുള്ള കന്നുകാലിക്കടത്ത് വ്യാപകം

പാലോട് : ചെക്കുപോസ്റ്റുകളിൽ അവശ്യമായ സുരക്ഷാപരിശോധനകളില്ലാതെ അറവുമാടുകളെ യഥേഷ്ടം കൊണ്ടുവരുന്നു. ആരോഗ്യപരിശോധനകൾക്കു ശേഷമേകാലികളെ അതിർത്തികടത്താവൂ എന്ന നിയമം നിലനിൽക്കെയാണ് നടത്തിയും വാഹനത്തിലുമായി കാലികൾ കേരളത്തിലേക്ക് എത്തുന്നത്.
ആര്യങ്കാവ് ചെക്കുപോസ്റ്റ് വഴിയാണ് പ്രധാനമായും കാലികടത്ത് നടക്കുന്നത്. ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി കാൽനടയായിട്ടാണ് കാലികൾ എത്തുന്നത്. നെടുമങ്ങാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാലികളെ എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. 170 കിലോമിറ്ററോളം റോഡുമാർഗം നടന്നാണ് കാലികൾ എത്തുന്നത്. ഇതിനിടയിൽ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ നൽകാറില്ലെന്നു നാട്ടുകാർ പറയുന്നു. വിശപ്പും ദാഹവും കൂടുന്നതിനനുസരിച്ച് നടത്തത്തിന്റെ വേഗത കുറയും. വേഗതകൂട്ടാനായി കാലികളെ ഉപദ്രവിക്കാറുള്ളതായും നാട്ടുകാർ പറയുന്നു. കാളകളുടെ കൂട്ടത്തിൽ കറവനിലച്ച പശുക്കളുമുണ്ട്.
രോഗം ബാധിച്ച കാളകളേയും പശുക്കളേയും ചെക്കു പോസ്റ്റിൽ എത്തിക്കാതെ ഇടറോഡുകൾ വഴിയാണ് ആര്യങ്കാവ് കടത്തുന്നത്. തെങ്കാശിയിൽ നിന്നും കുറഞ്ഞ വിലക്കുവാങ്ങുന്ന കാലികളെയാണ് കോട്ടവാസൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, മടത്തറ വഴി കാൽനടയായി നെടുമങ്ങാട്ടും തലസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും എത്തിക്കുന്നത്. വരുന്ന വഴി വീണു പോകുന്ന മൃഗങ്ങളെ സമീപത്തെ ഹോട്ടലുകാർക്ക് കിട്ടിയ വിലക്ക് വിൽക്കുകയാണ് പതിവെന്നു സൂചനയുണ്ട്.
കടയനല്ലൂർ, നൈനാപുരം, രാജപാളയം, നാഗർ കോവിൽ എന്നിവിടങ്ങളിൽ നിന്നുമാണ് അനധികൃതമായി നൂറുകണക്കിന് കാലികളെ കൊണ്ടുവരുന്നത്. ചെക്കുപോസ്റ്റുകളിൽ കൃത്യമായ പരിശോധനയും വെറ്ററിനറി ഡോക്ടറുടെ പരിശോധനയും കഴിഞ്ഞ് സീൽ ചെയ്ത കാലികളെ മാത്രമേ കേരളത്തിലേക്ക് കൊണ്ടു വരാവൂ എന്നാണ് നിയമം.