വിദേശിയുടെ വയറ്റിൽനിന്ന് 5 കോടിയുടെ കൊക്കെയ്ൻ പുറത്തെടുത്തു


നെടുമ്പാശേരി : വിദേശിയുടെ വയറ്റിൽനിന്ന് 101 കാപ്സ്യൂളുകൾ ഡോക്ടർമാരുടെ സഹായത്തോടെ പുറത്തെടുത്തു. അഞ്ചു കോടി രൂപ വിലവരുന്ന ഒരു കിലോഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി സാവോപോളോയിൽ നിന്നെത്തിയ വെനസ്വേല സ്വദേശി ഹാർലി ഗബ്രിയേൽ കാസ്ട്രോ കരീനോ ആണു പിടിയിലായത്.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണു വിമാനത്താവളത്തിൽ ഇയാളെ പിടികൂടിയത്. ആദ്യ ഘട്ട പരിശോധനയിലും ചോദ്യം ചെയ്യലിലും ലഹരിമരുന്നു കൈവശമുള്ളതായി സ്ഥിരീകരിക്കാനായില്ലെങ്കിലും ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ ലഹരി മരുന്നു വിഴുങ്ങിയതായി സമ്മതിച്ചു. ഇതു പുറത്തെടുക്കാൻ ഇയാളെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു മരുന്നും പഴങ്ങളും നൽകി. പ്രത്യേക ക്ലോസറ്റ് ക്രമീകരിച്ചു. ഒന്നര ദിവസം നീണ്ട വയർ കഴുകൽ യത്നത്തിനൊടുവിലാണു ലഹരിമരുന്നു മുഴുവൻ പുറത്തുവന്നത്. കാപ്സ്യൂളുകൾ കണ്ടെടുത്ത ശേഷം ഇയാളെ സ്കാൻ ചെയ്തു കൂടുതൽ ലഹരി മരുന്ന് ഇല്ലെന്നുറപ്പാക്കി.

You might also like

Most Viewed