വി­ലക്ക് മറി­കടന്ന് വലി­യ വാ­ഹനങ്ങളു­ടെ­ യാ­ത്ര : ചു­രത്തിൽ ഗതാ­ഗതക്കു­രു­ക്ക് രൂ­ക്ഷം


കൽപ്പറ്റ : വിലക്കുകൾ തുടരുന്പോഴും ചരക്കുലോറികളും ടിപ്പറുകളും മൾട്ടി ആക്സിൽ ബസുകളും ചുരത്തിൽ സുഗമമായ യാത്ര തുടരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ച പുലർച്ചെയും ചുരത്തിൽ ആവർത്തിച്ചുള്ള ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവെച്ചത് നിയന്ത്രണം ലംഘിച്ചെത്തിയ വലിയ വാഹനങ്ങൾ തന്നെ. ചുരത്തിൽ അറ്റകുറ്റപ്പണികൂടി നടക്കുന്നതിനാൽ വാഹനങ്ങൾ പതുക്കെയാണ് പോകുന്നത്. ഇതിനുപുറമേയാണ് വലിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്.

ബുധനാഴ്ച രാവിലെ ഏഴാംവളവിൽ കർണാടകയുടെ ഐരാവത് ബസ് കുടുങ്ങിയിരുന്നു. അതിന്റെ കുരുക്ക് ഏകദേശം അയഞ്ഞുവന്നപ്പോൾ വൈകീട്ട് ആറുമണിയോടെ കെ.എസ്.ആർ.ടി.സി ബസ് ടാങ്കറിൽ ഇടിച്ചു. അപ്പോഴും യാത്രക്കാരെ ഇറക്കി ഗതാഗതം നിയന്ത്രിച്ചു. രാത്രി പത്തുമണിക്കുശേഷം ടിപ്പർലോറി ഒന്പതാം വളവിൽ അപകടത്തിൽപ്പെട്ടു. ഇതേത്തുടർന്നുള്ള ഗതാഗതക്കുരുക്കും മണിക്കൂറുകളോളം നീണ്ടു. വ്യാഴാഴ്ച പകലും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. തിരക്കുള്ള സമയങ്ങളിലൊഴികെ നിയന്ത്രണം ഫലപ്രദമല്ല. ഒന്പത് ടൺവരെ ചരക്കുമായി പോകാനാവുന്ന ലോറികൾ യഥേഷ്ടം സഞ്ചരിക്കുകയാണ്. ഇവയിൽ പലതുംഇരട്ടിയിലധികം ചരക്കും കൊണ്ടുപോകുന്നുണ്ട്. വിറകുകയറ്റിപ്പോകുന്ന വാഹനങ്ങളാണ് നിയന്ത്രിക്കാൻ കഴിയാത്ത മറ്റൊന്ന്. നിലവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് മതിയാവുന്നില്ല. ചുരം സംരക്ഷണസമിതിക്കാരും ഗതാഗതനിയന്ത്രണത്തിന് സഹായിക്കുന്നുണ്ട്.

എന്നാൽ വലിയ വാഹനങ്ങൾക്ക് കർശനനിയന്ത്രണവും ചുരം വളവുകളിൽ കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഇന്റർലോക്ക് വിരിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തി നടക്കാതെ ഗതാഗതം സുഗമമാകില്ലെന്ന് നാട്ടുകാർ പറയുന്നു.

You might also like

Most Viewed