കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി : അഞ്ചു മരണം


കൊച്ചി : കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു മരണം. വൈപ്പിൻ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി കെവിൻ എന്നിവരാണു മരിച്ച മലയാളികൾ. പതിനഞ്ചോളം പേർക്കു പരുക്കേറ്റു. മൂന്നു മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം പൂർണമായും പൊള്ളലേറ്റ നിലയിലാണ്.

എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ എന്ന ഒഎൻജിസി കപ്പലിൽ ഇന്നു രാവിലെ പത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. മറ്റു മൂന്നുപേരും അത്യാഹിത വിഭാഗത്തിൽ ചികിൽസയിലാണ്.

കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കപ്പലിന്റെ ‘സ്ഥിരത’ നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിലായിരുന്നു അപകടം. എന്നാൽ എങ്ങനെയാണു പൊട്ടിത്തെറിയുണ്ടായതെന്നു വ്യക്തമായിട്ടില്ലെന്നും തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് വ്യക്തമാക്കി. കപ്പൽശാലയിൽ നിന്നുള്ള ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

You might also like

Most Viewed