യൂ­ത്ത് കോ­ൺ­ഗ്രസ് പ്രവർ­ത്തകന്റെ­ കൊ­ലപാ­തകം : കണ്ണൂ­രിൽ ഹർ­ത്താൽ പൂ­ർ­ണം


കണ്ണൂർ‍ : കണ്ണൂർ‍ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വെട്ടേറ്റ് മരിച്ചത്. എടയന്നൂർ തെരൂരിൽ  വെച്ച് അക്രമികൾ  ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺ‍ഗ്രസ് ആരോപിച്ചു.  അതേസമയം തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

കീഴല്ലൂരിലെ മികച്ച സംഘാടകൻ‍ എന്ന പേര് വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സി.പി.എം ഗുണ്ടകളെ ഒറ്റപ്പെടുത്തണമെന്നുമാണ് രമേശ് ചെന്നിത്തല ഫേ‌‌‌‌സ്ബുക്കിലൂടെ പറഞ്ഞത്.

എന്നാൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കൊല്ലപ്പെടാനിടയാക്കിയ അക്രമത്തെ സി.പി.എം ശക്തമായി അപലപിക്കുന്നതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. ഈ അക്രമ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് എടയന്നൂർ ലോക്കൽ കമ്മറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും പാർട്ടി പ്രവർത്തകന്‍ ഈ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പാർ‍ട്ടി അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഒരക്രമത്തെയും അനുകൂലിക്കുന്ന പ്രസ്ഥാനമല്ല സി.പി.എം. ജില്ലയിൽ ഏറ്റവും കൂടുതൽ അക്രമണങ്ങൾക്ക് വിധേയമായിട്ടുള്ള പാർ‍ട്ടിയാണ് സി.പി.എം.

രമേശ് ചെന്നിത്തല പറയുന്ന ‘ചുവപ്പ് ഭീകരത’ എന്ന ആക്ഷേപം രാജ്യത്ത് സംഘപരിവാരം സി.പി.എമ്മിന് നേരെ ഉയർത്തിയ ആക്ഷേപമാണ്. സി.പി.എമ്മിനെ അടിച്ചമർത്തുന്നതിന് വേണ്ടി കേന്ദ്രത്തിലെ ബി.ജെ.പി ഗവൺമെന്റും ആർ.എസ്.എസ് സംഘപരിവാരവും അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രചരണമാണത്. ഈ മുദ്രാവാക്യം ഇപ്പോൾ കോൺഗ്രസ്സ് നേതാവായിട്ടുള്ള രമേശ് ചെന്നിത്തല കൂടി ഏറ്റെടുത്തിരിക്കുകയാണ്. സി.പി.എമ്മിനെ ആക്രമിക്കുന്ന കാര്യത്തിൽ സംഘപരിവാറും കോൺഗ്രസ്സും തമ്മിൽ എത്രമാത്രം യോജിപ്പാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും− ജയരാജൻ വ്യക്തമാക്കി.

You might also like

Most Viewed