വാ­ക്സി­നേ­ഷനെ­തി­രാ­യ പ്രചാ­രണത്തിന് പി­ന്നിൽ പ്രാ­കൃ­തമനസ് : മന്ത്രി­ ശൈ­ലജ


കണ്ണൂർ : വാക്സിനേഷന് എതിരേ പ്രാകൃതമായ മനസുകളുടെ പ്രചാരണമാണു നടക്കുന്നതെന്നും ശാസ്ത്രീയ യുഗത്തിൽ അതിനനുസരിച്ച രീതിയിൽ ജീവിക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

30 ദിവസം മാത്രം പ്രായമായ തന്റെ പേരക്കുട്ടി ഇഫയ ജഹനാരയ്ക്ക് തുള്ളിമരുന്ന് നൽകിയാണ് ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. വാക്സിൻ വിരുദ്ധർക്ക് ഒരു സന്ദേശം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

നമ്മുടെ കാലാവസ്ഥയും ഭക്ഷണവുമൊന്നും തനിയെ പ്രതിരോധം ഉണ്ടാകുന്നതിന് സഹായകരമല്ല. മാത്രമല്ല, രോഗാണുക്കൾ കാലക്രമേണ കൂടുതൽ പ്രതിരോധശേഷി ആർജിക്കുകയാണ്. അതിനാൽ, എല്ലാവരും കൂട്ടായി വാക്സിനേഷനിലൂടെ പ്രതിരോധശേഷി ആർജിക്കുകയാണ് വേണ്ടത്. രോഗം വരാൻ സാധ്യതയുള്ളവർ മാത്രമല്ല, എല്ലാവരും വാക്സിനേഷനെടുക്കണം. വാക്സിനേഷന് എതിരായി നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന കാന്പയിനുകൾ ഫലം ചെയ്യുന്നുവെന്നാണ് കാണുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

You might also like

Most Viewed