1585 സ്കൂളുകൾക്ക് അടച്ചു പൂട്ടൽ നോട്ടീസ് നൽകിയെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ 1585 അൺ− എയ്ഡഡ് സ്കൂളുകൾക്ക് അടച്ചു പൂട്ടൽ നോട്ടീസ് നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് തുറന്ന നിലപാടാണുള്ളതെന്നും വിദ്യാഭ്യാസമന്ത്രി സഭയിൽ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷ എം.എൽ.എ കെ.എൻ.എ ഖാദർ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് നോട്ടീസ് നൽകിയത്. അംഗീകാരം ഇല്ലാത്ത അൺ എയ്ഡഡ് സ്കൂളുകളിൽ പലതിനും നിലവാരം ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകൾ നൽകിയ പരാതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം നല്ല നിലവാരമുള്ള സ്കൂളുകൾ പോലും അടച്ചു പൂട്ടൽ ഭീഷണിയിലാണെന്ന് കെ.എൻ.എ ഖാദർ ആരോപിച്ചു. നോട്ടീസ് കിട്ടിയ സ്കൂളുകൾക്ക് നിലവാരം ഉയർത്താൻ രണ്ട് വർഷത്തെ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിലൂടെ ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളുടെയും 22000ത്തിലധികം അദ്ധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാവുമെന്നും പ്രതിപക്ഷം പറഞ്ഞു.