വരാപ്പുഴ കസ്റ്റഡി മരണം, പ്രതികളെ സി.പി.എം നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ഉമ്മൻചാണ്ടി

കൊച്ചി : പോലിസ് കസ്റ്റഡിയിൽ ശ്രീജിത്തിന്റെ മരണത്തിൽ ഉത്തരവാദികളായവരെ രക്ഷിക്കാനായി കള്ളത്തെളിവുകൾ ഉണ്ടാക്കാൻ സി.പി.എം നേതാക്കൾ പങ്കാളികളായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയയിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ ഉമ്മൻചാണ്ടി ശ്രീജിത്തിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുറ്റവാളികളെ നിയമത്തിന്റെ മുന്പിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്ത് കേസിൽ പ്രതിയല്ലെന്നും ലോക്കപ്പിലിട്ട് രണ്ട് ദിവസം മർദിച്ചതിനെ തുടർന്നാണ് ശ്രീജിത്തിന്റെ ജീവൻ നഷ്ടമായതെന്നുമാണ് ഇപ്പോഴത്തെ വിവരം. അറസ്റ്റ് ചെയ്ത രീതി തന്നെ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.