വൈ​­​­​­​പ്പി​ൻ തീ​­​­​­​ര​ത്ത് വീ​­​­​­​ണ്ടും ക​ട​ൽ​­­ക​​​​യറി­­­


മട്ടാഞ്ചേരി: ഓഖി  ദുരിതങ്ങൾ മായും മുന്പേ വൈപ്പിൻ തീരത്ത് ഇന്നലെ വീണ്ടും കടൽകയറി. തീരദേശ റോഡുകളിലെ ഗതാഗതം സ്തംഭിച്ചു. നൂറിലേറെ വീടുകളുടെ വളപ്പുകളിൽ വെള്ളംകയറി. എടവനക്കാട് അണിയൽ കടപ്പുറം, നായരന്പലം പുത്തൻകടപ്പുറം, വെളിയത്തുപറന്പ്, ഞാറയ്ക്കൽ ആറാട്ടുവഴി, ചെല്ലാനം, ചാപ്പക്കടവ്, ഫോർ‍ട്ടുകൊച്ചി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലേറ്റമുണ്ടായത്. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വേലിയേറ്റ സമയത്താണ് കടൽ കരയിലേക്ക് ഒഴുകിയത്. വൈകുന്നേരം നാല് വരെ ഇത് തുടർന്നു. പലയിടത്തും വെള്ളം തിരികെ ഒഴുകിപ്പോകാതെ മണിക്കൂറുകളോളം വീട്ടുവളപ്പുകളിൽ കെട്ടി നിന്നത് തീരദേശക്കാരെ ദുരിതത്തിലാക്കി. ഞാറയ്ക്കൽ കടപ്പുറത്ത് മുട്ടിന് മേൽവരെ വെള്ളം ഉയർന്നു. എടവനക്കാട് തീരദേശ റോഡിലേക്ക് അടിച്ചുകയറിയ കടൽ ഈ ഭാഗത്തെ മണൽ തടയണകൾ തകർത്താണു കരയിലേക്ക് ഒഴുകിയെത്തിയത്. ഇവിടെമാത്രം 40 ഓളം വീടുകളുടെ വളപ്പുകളിൽ വെള്ളം കയറി. 

അണിയൽ മുതൽ തെക്കോട്ട് നായരന്പലം കടപ്പുറം വരെ സ്ഥിതി രൂക്ഷമാണ്. അണിയലിൽ നിന്നു വടക്കോട്ട് എടവനക്കാട് ചാത്തങ്ങാട് കടപ്പുറത്തും കുഴുപ്പിള്ളിയിലും ചെറായി അംബേദ്കർ ബീച്ചിലും കടൽ വെള്ളം കരയിലേക്ക് അടിച്ചുകയറി. പലയിടത്തും തീരദേശ റോഡ് വെള്ളത്തിലായി. ചെറായി ബീച്ചിൽ ലൈഫ് ഗാർഡുകൾ ടൂറിസ്റ്റുകളെ കടലിലിറങ്ങാൻ സമ്മതിച്ചില്ല. നാശങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത ഭീതിയിലും ആശങ്കയിലുമാണ്. ഓഖിക്ക് ശേഷം പ്രഖ്യാപിച്ച പുലിമുട്ട് നിർമ്മാണവും കടൽഭിത്തി നിർമ്മാണവും ഇതുവരെ പ്രാവർത്തികമാകാത്തതാണ് ആശങ്കകൾ വർദ്ധിപ്പിക്കുന്നു. 

എടവനക്കാട് കടൽഭിത്തി ഇല്ലാത്ത ഭാഗത്താണു കൂടിയാണു വെള്ളം വ്യാപകമായി കയറിയത്. ചിലയിടങ്ങളിൽ കടൽഭിത്തിക്ക് ഇടയിലൂടെയും മുകളിലൂടെയും കടൽവെള്ളം അടിച്ചുകയറി. കടൽക്ഷോഭം രൂക്ഷമാകുമെന്നും ശക്തമായ തിരമാലകൾ ഉയരുമെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്നലെ മത്സ്യബന്ധനത്തിനു പോയിരുന്നില്ല. റവന്യു ഉദ്യോഗസ്ഥർ എടവനക്കാട് കടപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആരെയും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

You might also like

Most Viewed