വരാ­പ്പു­ഴ കസ്റ്റഡി­ മരണം : എസ്.ഐ ദീ­പക്കി­ന്റെ­ ജാ­മ്യാ­പേ­ക്ഷ തള്ളി­


കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേട്ട് കോടതി തള്ളി. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനു നേരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീപക്കിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റു ചെയ്ത്.

 ആലുവ പോലീസ് ക്ല ബിൽ വിളിച്ചുവരുത്തിയ ദീപക്കിനെ മണിക്കൂറുകളോളം ഐ.ജി ശ്രീജിത്ത്, ഡി.ഐ.ജി കെ.പി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ശ്രീജിത്ത് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ഗുരുതരമായ ആരോപണങ്ങളാണ് ദീപക്കിനെതിരെ ഉന്നയിച്ചത്. കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആലുവ റൂറൽ പോലീസ് മേധാവി എ.വി. ജോർജിന്റെ സ്ക്വാഡ് ടൈഗർഫോഴ്സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

അതേസമയം കേസിൽ‍ ആരോപണ വിധേയനായ ആലുവ റൂറൽ എസ്.പി, എ.വി ജോർജിനെ തൃശ്ശൂർ‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. കേസിൽ ആരോപണ വിധേയനായ ആളെ സേനയെ പരിശീലിപ്പിക്കുന്ന പോലീസ് അക്കാദമിയുടെ തലപ്പത്തു നിയോഗിച്ചത് തെറ്റാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻ ദാസ് ആവശ്യപ്പെട്ടു.

ആരോപണ വിധേയനെ ട്രെയിനിംഗ് അക്കാദമിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നൽകുക. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അന്വേഷണം തൃപ്തികരമല്ല. പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് എറണാകുളം റൂറൽ എസ്.പി എ.വി.ജോർജിനെ സ്ഥലംമാറ്റിയത്. രാഹുൽ ആർ.നായർക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ പ്രതികൾ റൂറൽ എസ്.പിയുടെ സ്‌ക്വാഡിലെ അംഗങ്ങളാണ്. സ്ഥലംമാറ്റത്തിനു പിന്നിൽ ഇതാണു കാരണമെന്നാണു വിലയിരുത്തൽ‍. റൂറൽ എസ്.പിയുടെ സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ആരോപണമുയർന്നതോടെ എ.വി.ജോർജ് രൂപീകരിച്ച ആർ.ടി.എഫ് സ്‌ക്വാഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

You might also like

Most Viewed