ജൂൺ ഒന്ന് മു­തൽ വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് കൺ‍­സഷൻ നൽ­കി­ല്ലെ­ന്ന് സ്വകാ­ര്യ ബസ് ഉ­ടമകൾ


തിരുവനന്തപുരം : ജൂൺ ഒന്ന് മുതൽ‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ‍ യാത്ര ചെയ്യുന്ന വിദ്യാർ‍ത്ഥികൾ‍ക്ക് കൺസഷൻ അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ‍. 

വരുന്ന അദ്ധ്യായന വർഷം മുതൽ വിദ്യാർത്ഥികളിൽ നിന്നും മുഴുവൻ നിരക്കും സ്വകാര്യ ബസുകൾ ഈടാക്കും. വിദ്യാർത്ഥികളെ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകളിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. വിദ്യാർ‍ത്ഥികളുടെ കൺസഷൻ നിർ‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണെന്നും സ്വകാര്യ ബസ് ഉടമകൾ‍ വ്യക്തമാക്കി.

ഇന്ധന വില വർദ്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡീസൽ വില വർദ്ധനവ് കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ബസ് ചാർ‍ജ്ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമകൾ‍ പറഞ്ഞു.  ബസിൽ‍ 60 ശതമാനം യാത്രക്കാരും വിദ്യാർത്ഥികളാണ്. സർക്കാർ യാതൊരു ആനുകൂല്യങ്ങളും നൽകാത്ത സാഹചര്യത്തിൽ ഇളവുകൾ നൽകാൻ കഴിയില്ലെന്നും വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നും  സ്വകാര്യ ബസ് ഒാണേഴ്സ് അസോസിയേഷൻ കമ്മിറ്റി വ്യക്തമാക്കി.  

അടുത്തിടെ സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധന. എന്നാൽ നിരക്ക് വർദ്ധിപ്പിച്ച സർക്കാർ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

You might also like

Most Viewed