പെരുന്പാവൂരിന് സമീപം പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി

കൊച്ചി : പെരുന്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. പെരുന്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തന്പിയുടെ മകൾ നിമിഷ (19)യാണ് കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളേജ് അവസാനവർഷ ബിബിഎ വിദ്യാർത്ഥിനിയാണ്. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അന്ന സഹോദരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മോഷണശ്രമമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തിൽ അക്രമി കത്തി കുത്തിയിറക്കുകയായിരുന്നു എന്നാണ് വിവരം. പിതൃസഹോദരൻ ഏലിയാസിനും കത്തിക്കുത്തിൽ പരുക്കേറ്റു. ഏലിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അൽപ്പസമയത്തിനകം മരണം സംഭവിച്ചു. സംഭവത്തെത്തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാർ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ േസ്റ്റഷനിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പെരുന്പാവൂർ. ഫൊറൻസിക് ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിമിഷയുടെ മൃതദേഹം പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പിടിയിലായ ബിജുവിനെ എത്തിച്ച പെരുന്പാവൂർ പോലീസ് േസ്റ്റഷനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ, നാട്ടുകാരുടെ അക്രമം ഭയന്ന് പ്രദേശത്തെ എഴുപതോളം ഇതരസംസ്ഥാന തൊഴിലാളികൾ എടത്തല പോലീസ് േസ്റ്റഷനിൽ അഭയം തേടി.
രണ്ടു വർഷം മുന്പ് 2016 ഏപ്രിൽ 28ന് നിയമവിദ്യാർത്ഥിനി അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടു കൊല ചെയ്യപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽ പുറന്പോക്കിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് നിമിഷ കൊല്ലപ്പെട്ടിരിക്കുന്നത്.