ചെറുതോണി അണക്കെട്ട് തുറന്നു


തൊടുപുഴ :ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ ചെറുതോണി അണക്കെട്ട് ട്രയൽ റണ്ണിനായി തുറന്നു. അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. 26 വർഷങ്ങൾക്കുശേഷമാണ് ചെറുതോണി അണക്കെട്ട് തുറക്കുന്നത്. 4 മണിക്കൂർ നേരത്തേക്കാണ് അണക്കെട്ട് തുറന്നിരിക്കുന്നത്.

കനത്ത മഴയെയും നീരൊഴുക്കും വർധിച്ചതിനെ തുടർന്നാണ് ഷട്ടർ ഉച്ചക്ക് പന്ത്രണ്ടരയോടെ ട്രയൽ റണ്ണിനായി തുറക്കാൻ തീരുമാനിച്ചത്. ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചു.

പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. പുഴയിൽ ഇറങ്ങുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തിൽ ഉൽപാദനം പൂർണതോതിൽ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചു. 24.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. കനത്ത മഴയെ തുടർന്ന് പരമാവധി സംഭരണ ശേഷിയിലെത്തിയ ഇടമലയാർ ഡാം തുറന്നു. അണക്കെട്ട് തുറന്നതിനാൽ പെരിയാറിൽ ഒന്നു മുതൽ ‌ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയർന്നു.

 

You might also like

Most Viewed