പ്രളയക്കെടുതി: കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ നടപടി പുരോഗമിക്കുന്നു; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍.


തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് എത്തും. അവ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.23 ഹെലികോപ്റ്റര്‍ വെള്ളിയാഴ്ച പ്രവര്‍ത്തന സജ്ജമാകും. കേരളത്തിലെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളത്തില്‍ എത്തും.നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്..250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം..


You might also like

Most Viewed