കേരളത്തിന് 500 കോടി രൂപ അടിയന്തര സഹായം; ആവശ്യപ്പെട്ടത് 2000 കോടി


തിരുവനന്തപുരം : അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയിൽ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ വെള്ളം ഇറങ്ങിയ ശേഷമേ യഥാർത്ഥ നഷ്ടം കണക്കാക്കാൻ പറ്റു. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കേന്ദ്ര മന്ത്രി അല്‍ഫോൺസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

മെയ് 29-ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകൾ പൂർണ്ണമായും 26,000 ത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. 3,026 ക്യാന്പുകളിലായി ഇപ്പോൾ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകർന്നു. റോഡുകളുടെ നഷ്‌ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്‌ടം 800 കോടിയിലധികമാണ്. 

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി  20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എൻ.ഡി.ആർ.എഫിന്റെ 40 ടീമുകളെയും ആർമി ഇ.ടി.എഫിന്റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതൽ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Most Viewed