മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കുന്നു


ചെങ്ങന്നൂർ : പ്രളയക്കെടുതിമൂലം ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സാന്ത്വനിപ്പിക്കാനും പരാതികൾ കേൾക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപുകൾ സന്ദർശിക്കുന്നു. രാവിലെ 8.45ന് ഹെലികോപ്റ്ററിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ മുഖ്യമന്ത്രി, കാൽനടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. ചെങ്ങന്നൂരിലെ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി കോഴഞ്ചേരിയിലേക്കു പോയി. മന്ത്രി ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ എംഎൽഎ, കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളാണു മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. കോഴഞ്ചേരി, ആലപ്പുഴ ജില്ലയിലെ വിവിധ ക്യാംപുകൾ, എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാംപുകൾ, തൃശൂര്‍ ചാലക്കുടിയിലെ ക്യാംപുകൾ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും. സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ 13.43 ലക്ഷം പേരുണ്ടെന്നാണു കണക്ക്.

You might also like

Most Viewed