കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു


നെടുമ്പാശേരി : രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് തുറന്നു. ഇന്ന് 33 വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങും. 30 എണ്ണം പുറപ്പെടും. ഇൻഡിഗോയുടെ ബെംഗളൂരുവിൽനിന്നുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയാണ്.

എയർ ഇന്ത്യ എക്സ്പ്രസിന്റെയും ജെറ്റ് എയർവേയ്സിന്റെയും മസ്കറ്റിൽനിന്നുള്ള വിമാനങ്ങളും ഇൻഡിഗോയുടെ ദോഹ, ജെറ്റ് എയർവേയ്സിന്റെ ദുബായ്, ഗോ എയറിന്റെ ഷാർജ, എത്തിഹാദിന്റെ അബുദാബി, എയർ ഏഷ്യയുടെ ക്വാലലംപുർ വിമാനങ്ങളും സർവീസ് നടത്തും. ബാക്കി എല്ലാം ആഭ്യന്തര സർവീസുകളാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ അറിയിച്ചു. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ പാർക്കിങ് ബേ, ടെർമിനലുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. റൺവേയിൽ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

വെള്ളം ഇറങ്ങിയതോടെ തകർന്ന മതിൽ താൽക്കാലികമായി പുനർനിർമിച്ചു. കേടുപറ്റിയ നാലു കൺവെയർ ബെൽറ്റുകൾ, 22 എക്സ്റേ മെഷീനുകൾ, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകൾ, എണ്ണൂറോളം റൺവേ ലൈറ്റുകൾ എന്നിവയെല്ലാം പൂർവസ്ഥിതിയിലാക്കി. തകർന്ന സൗരോർജ പ്ലാന്റുകളിൽ പകുതിയോളം പ്രവർത്തനക്ഷമമാക്കി. ചെളിക്കെട്ടുണ്ടായ 30 ലക്ഷം ചതുരശ്ര അടി ഭാഗം വൃത്തിയാക്കി. വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. നാവിക വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾക്കും ഇന്നു വിരാമമാകും.

You might also like

Most Viewed