മുന്നറിയിപ്പുകൾ നൽകിയിരുന്നു : മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം


തിരുവനന്തപുരം : കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. പ്രവചനം കൃത്യമായിരുന്നെന്നും മുന്നറിയിപ്പുകള്‍ രേഖാമൂലം നല്‍കിയെന്നും തിരുവനന്തപുരം കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി.

8,9 തീയതികളില്‍ മഴ ശക്തമാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കി. 14,15 ദിവസങ്ങളില്‍ പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി. മഴ ശക്തമായ എല്ലാ ജില്ലകളിലും നേരത്തെതന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ല തിരിച്ച് കൃത്യമായ പ്രവചനമാണ് നല്‍കിയത്. എല്ലാത്തിനും രേഖകളുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഡല്‍ഹിയില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയുമ്പോഴാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച വന്നതായി മുഖ്യമന്ത്രി ആരോപിച്ചത്.

You might also like

Most Viewed