പീഡനക്കേസിൽ ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനുപിന്നാലെ ചുമതലകൾ കൈമാറി ഫ്രാങ്കോ മുളയ്ക്കൽ


കൊച്ചി : പീഡനക്കേസിൽ കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനുപിന്നാലെ ചുമതലകൾ ഫാ.മാത്യു കോക്കണ്ടത്തിന് കൈമാറി ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. രൂപതയിൽ നിന്ന് മാറിനിൽക്കുമ്പോൾ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായാണിതെന്ന് സർക്കുലറിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിശദമാക്കുന്നു. ഫാ.ബിബിൻ ഓട്ടക്കുന്നേൽ, ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതലകൾ ഉണ്ട്. അന്വേഷണ ഫലം അറിയുന്നതു വരെയാണ് മാറ്റം. എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർഥിക്കണമെന്നും സർക്കുലറിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു.

ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് തയാറാക്കിയ റിപ്പോർട്ടിലെ തെളിവുകളിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. തനിക്കും ആരോപണം ഉന്നയിച്ചയാൾക്കും അവർക്ക് ഒപ്പമുള്ളവർക്കും വേണ്ടി പ്രാർഥിക്കണം. ദൈവത്തിന്റെ കൃപയാൽ മനപരിവർത്തനത്തിലൂടെ സത്യം പുറത്തുവരുന്നതിനാണിതെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കണ്ടെത്തലുകൾ കാത്തിരിക്കുന്നതിനൊപ്പം എല്ലാം ദൈവത്തിന്റെ കരങ്ങളിൽ അർപ്പിക്കുന്നുവെന്നും സർക്കുലറിലുണ്ട്.

നേരത്തെ, പീഡന പരാതിയെ തുടർന്നു ചുമതലയില്‍ നിന്നു മാറിനില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാൻ ആവശ്യപ്പെടുമെന്നു വാർത്തകൾ ഉണ്ടായിരുന്നു. കേരളത്തിലെ സഭാനേതൃത്വത്തില്‍ നിന്നു വത്തിക്കാന്‍ വിശദാംശങ്ങള്‍ തേടി. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടിസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റിയിട്ടുണ്ട്. ഈ മാസം 19ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറിയിച്ചു. മുൻകൂർ ജാമ്യം അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു രൂപത അധികൃതർ വ്യക്തമാക്കി.

പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു‍. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. രാവിലെ മുതല്‍ സമരവേദിയിലേക്കു നൂറുകണക്കിനു പേർ എത്തുന്നുണ്ട്. സേവ് അവര്‍ സിസ്റ്റര്‍ ആക്‌ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതൽ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

You might also like

Most Viewed