ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തില്‍: അറസ്റ്റില്‍ തീരുമാനം ഇന്ന്


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈ ടെക് സെല്‍ ഓഫീസിലെത്തി. കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്.  നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. നിയമോപദേശം തേടിയതല്ല സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ല എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് മറ്റാരുടെയും അനുമതി ആവശ്യമില്ല, അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണ് ഉദ്യോഗസ്ഥരാണ് തീരുമാനിക്കുകയെന്നും എസ്.പി പറഞ്ഞു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ പോലീസ് നിരത്തിയ തെളിവുകള്‍ക്ക് മുന്നില്‍ ബിഷപ്പിന്റെ വാദങ്ങള്‍ ദുര്‍ബലമായതായാണ് പോലീസ് നല്‍കുന്ന സൂചന.  പോലീസ് ചില നിര്‍ണായക കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ല അറിയില്ല എന്നായിരുന്നു ബിഷപ്പിന്റെ മറുപടി. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഐജി വിജയ് സാഖറേയുടെ ഓഫീസിലെത്തി അന്വേഷണ ചുമതലയിലുള്ള കോട്ടയം എസ്.പി ഹരിശങ്കര്‍ ഒരുമണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലില്‍ വ്യക്തമായി.


You might also like

Most Viewed