ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് സ്ഥിരീകരിച്ച് പോലീസ്


തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചിരുന്നു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു. കോട്ടയം എസ്.പി വാർത്താ സമ്മേളനം നടത്തിഅറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും. ബിഷപ്പിന്റെ വൈദ്യപരിശോധന നടത്താൻ ഡോക്ടർമാർ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തും. വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു. ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. അ‍ഞ്ചു മണിക്ക് ശേഷമാണെങ്കിൽ പാലാ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും ഹാജരാക്കുക.. കേസ് നടക്കുന്നത് പാലാ കോടതിയുടെ കീഴിലുള്ള പ്രദേശത്താണ്. ഇന്ന് പാലാ മജിസ്ട്രേറ്റ് അവധിയിലായതിനാൽ അ‍ഞ്ചു മണിവരെ വൈക്കം മജിസ്ട്രേറ്റിനാണ് ചുമതല. അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റ് ഉണ്ടാകും എന്ന് ബിഷപ്പിന്റെ അടുത്ത കേന്ദ്രങ്ങളോട് പോലീസ് സൂചിപ്പിച്ചിരുന്നു. 10 ശതമാനം കാര്യങ്ങളില്‍ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. 


You might also like

Most Viewed