അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് ചെന്നിത്തല


തിരുവനന്തപുരം : ബ്രൂവറികള്‍ക്കും ഡിസ്റ്റലറിക്കും ക്രമവിരുദ്ധമായി നല്‍കിയ അനുമതി റദ്ദാക്കിയത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളത്തരം കയ്യോടെ പിടികൂടിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി തീരുമാനം റദ്ദാക്കുകയാണ് ചെയ്തത്. തീവെട്ടിക്കൊള്ള നടത്തുകയാണ് എക്സൈസ് വകുപ്പ്. സിപിഎമ്മിന് ധനസമാഹരണത്തിനുള്ള വകുപ്പായി എക്സൈസ് മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുടെ ഉത്തരവാദികള്‍ ആരെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതീവ രഹസ്യമായി നടത്തിയ ഇടപാടുകൾ തീര്‍ത്തും ദുരൂഹമാണ്. ഉദ്യേഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ഭരണത്തലവനായ മുഖ്യമന്ത്രി നേരിട്ട് അനുമതി നല്‍കിയതില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നും ഇതിനു മുഖ്യമന്ത്രി തന്നെ ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അനുമതി നല്‍കിയ 4 സ്ഥാപനങ്ങളില്‍ രണ്ടെണ്ണം തട്ടിക്കൂട്ട് കമ്പനികളാണ്. പവര്‍ ഇന്‍ഫ്രാടെകിന്റെ മേല്‍വിലാസം വ്യാജമാണ്. ബീയര്‍ നിര്‍മാണത്തിന് അവര്‍ക്ക് മുന്‍പരിചയവുമില്ല. ഡിസ്റ്റലറി തുടങ്ങാന്‍ അനുമതി നല്‍കിയ ശ്രീ ചക്രക്ക് പറയാന്‍ ഓഫിസില്ല. പാലക്കാടുള്ള അപ്പോളോ ബ്രൂവറീസിനുള്ള അപേക്ഷ മുഖ്യമന്ത്രി നേരിട്ട് കൈപ്പറ്റി. സ്വന്തം പാര്‍ട്ടിയെ പോലും അറിയിക്കാതെയാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഈ വന്‍ ഇടപാട് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണൻ മൗനം വെടിയണമെന്നും ചെന്നിത്തല പറഞ്ഞു.

You might also like

Most Viewed