ഇരിങ്ങാലക്കുട ശ്രീചക്രയ്ക്കു പിന്നിൽ ഗോവയിൽനിന്നുള്ള ഡിസ്റ്റിലറി ലോബി


കൊച്ചി : ഇരിങ്ങാലക്കുടയി‍ൽ അനുമതി കിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസിന് പിന്നിൽ സിനിമ, സീരിയൽ രംഗത്തെ നടനും ഗോവയിൽനിന്നുള്ള നിക്ഷേപകരുമാണെന്ന് സൂചന. സിപിഎമ്മിന്റെ 2 ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടനു ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളത്.

ഗോവയിൽനിന്നു വില കുറഞ്ഞ മദ്യം കേരളത്തിലേക്കു കടത്തിയ കേസിൽ നടനെതിരെ എക്സൈസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ചാലക്കുടിപ്പുഴയുടെ തീരത്താണു ഡിസ്റ്റിലറിക്കുള്ള ഭൂമി കണ്ടെത്തിയതെന്നാണു സൂചന. ശ്രീചക്രയ്ക്കു ലഭിച്ച അനുമതി വിവാദങ്ങളെ തുടർന്നു കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അപേക്ഷകനു ഭൂമിയുണ്ടോ എന്നതുപോലും പരിശോധിക്കാതെ അനുകൂല റിപ്പോർട്ട് നൽകിയത് ഉന്നത രാഷ്ട്രീയസമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്.

വിദേശത്തേക്കു മദ്യം കയറ്റുമതി ചെയ്യാൻ ഡിസ്റ്റിലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയിൽ ഇവർക്കു ഡിസ്റ്റിലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നതെന്നുമാണ് എക്സൈസ് കമ്മിഷണർ ഫയലിൽ കുറിച്ചത്. ഗോവയിൽനിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലർത്തി വിൽപന നടത്തിയ സംഭവത്തിൽ ബവ്റിജസ് കോർപറേഷനിലെ മുൻ ഉദ്യോഗസ്ഥനും പങ്കുള്ളതായി ആരോപണമുയർന്നിരുന്നു.

സർക്കാരിനു പേരുദോഷം വരുമെന്നതിനാൽ അന്നത്തെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലാണു നടന്റെ തൃശൂരിലെ വീട്ടിൽനിന്നു വില കുറഞ്ഞ ഗോവൻ ബ്രാൻഡി എക്സൈസ് സംഘം പിടിച്ചെടുത്തത്. ഈ കേസും പിന്നീടു പലവിധ സമ്മർദങ്ങൾ കൊണ്ട് എങ്ങുമെത്തിയില്ല.

You might also like

Most Viewed