സ്ത്രീ പ്രവേശനം ആശങ്കയിൽ : അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം


പത്തനംതിട്ട : മണ്ഡലകാലം തുടങ്ങാനിരിക്കേ പ്രധാന ഇടത്താവളമായ എരുമേലിയില്‍ സ്ത്രീകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിമിതം. ദിനംപ്രതി ലക്ഷകണക്കിന് ഭക്തരെത്തുന്ന എരുമേലിയില്‍ അഞ്ച് വിശ്രമകേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. ആവശ്യത്തിനു ശുചിമുറികളില്ല. ചുരുങ്ങിയ കാലയളവിനുള്ളിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാകാതെ ദേവസ്വം ബോര്‍ഡും നിസഹായരാണ്.

മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാൻ ഒരു മാസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കാവശ്യമായ കൂടുതല്‍ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ശബരിമലയിലും എരുമേലി ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളിലും സുരക്ഷയും സൗകര്യങ്ങളും വര്‍ധിപ്പിക്കണം. നിലവിലെ സൗകര്യങ്ങൾ സ്ത്രീകൾക്കു കൂടി പകുത്തു നൽകുക എന്നതു മാത്രമാണ് ഏക പോംവഴി. എന്നാൽ ഇത് എത്രത്തോളം പ്രായോഗീകമാണെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ദിനംപ്രതി രണ്ടു ലക്ഷത്തിലേറെ ഭക്തരാണ് എരുമേലിയിലെത്തിയത്.

700 പേർക്ക് വിശ്രമിക്കാനുള്ള അഞ്ച് ഷെല്‍ട്ടറുകളാണ് എരുമേലിയിൽ ദേവസ്വം ബോര്‍ഡ് വകയായി ഉള്ളത് . 250 ശുചിമുറികളും 100ല്‍ താഴെ കുളിമുറികളും ഇവിടെ ഉണ്ട്. ഇതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി തല്‍ക്കാലം മാറ്റിവയ്ക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പരമ്പരാഗത കാനനപാതയിലൂടെ സ്ത്രീകൾ എത്തുന്ന സാഹചര്യമുണ്ടായാല്‍ പേരുത്തോട്, അഴുത, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല എന്നിവിടങ്ങളിൽ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. തീര്‍ത്ഥാടക വേഷത്തിലെത്തുന്ന വനിതാ മോഷ്ടാക്കളാണ് പൊലീസിനെ വലക്കുന്ന മറ്റൊരു പ്രശ്‌നം.

You might also like

Most Viewed