നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കണമെന്നാണു നിലപാടെന്ന് അമ്മ


കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താര സംഘടന അമ്മ. കോടതിവിധി വരുന്നതിന് മുൻപ് ദിലീപിനെ പുറത്താക്കുന്നതു ശരിയല്ല എന്ന അഭിപ്രായമാണ് അമ്മ ജനറൽ ബോഡിയിൽ ഉയർന്നത്. കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവ് നടൻ ജഗദീഷ് അറിയിച്ചു.

സംഘടനയിൽനിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഇക്കാര്യം മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ മോഹൻലാലിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വനിത കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ് ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ‘അമ്മ’യ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ഡബ്ല്യൂ.സി.സി വ്യക്തമാക്കിയത്. തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ ആരോപിച്ചിരുന്നു.

തങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടന്നതെന്നും അതിൽ തങ്ങൾക്കു മുറിവേട്ടെന്നും അവർ ആരോപിച്ചു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടാനാണ് തീരുമാനമെന്നും പറഞ്ഞ അവർ, ഇത് ഒരു തുടക്കം മാത്രമാണെന്നും വ്യക്തമാക്കി.

You might also like

Most Viewed