ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് ഇപി ജയരാജന്‍


തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ശബരിമല വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത്.ആര്‍എസ്എസിനോടൊപ്പം ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ അധ:പ്പതനത്തിനിടയാക്കും എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായത്തിന്റെ മറവില്‍ സംഘപരിവാറും കോണ്‍ഗ്രസും ബോധപൂര്‍വം അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. രണ്ടാം വിമോചന സമരം നടത്തിയേക്കാമെന്ന സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും ആഗ്രഹം നടപ്പാവില്ല.

കേരളത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ജനങ്ങള്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുറപ്പുണ്ട്. അവരോടൊപ്പമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും ജയരാജന്‍ പറഞ്ഞു. വിശ്വാസികളും ജനങ്ങളും ഇപ്പോള്‍ വസ്തുത തിരിച്ചറിഞ്ഞു തുടങ്ങി. ആദ്യഘട്ടത്തില്‍ സമരത്തിനുണ്ടായ പലരും പിന്മാറി. വൈകാതെ ബാക്കിയുള്ളവരും പിന്മാറും. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കുന്നത്.ഇത്തരക്കാരുടെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തും. വിശ്വാസികള്‍ക്ക് പൂര്‍ണ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു .

You might also like

Most Viewed