രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്


ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പരാതി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ആലപ്പുഴയിലെ പൊതുപ്രവര്‍ത്തകനായ സുഭാഷ് എം തീക്കാടനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 30നും ഈ മാസം 7 നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ കലാപത്തിന് പ്രേരിപ്പിച്ചതായാണ് ഹര്‍ജിയിലെ ആരോപണം.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് ആര്‍.രജിത അന്വേഷണം നടത്താന്‍ ആലപ്പുഴ സൗത്ത് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാനാണ് കോടതി ഉത്തരവ്. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് തന്റെ നെഞ്ചില്‍ ചവിട്ടി മാത്രമേ സാധ്യമാകൂവെന്നും സംസ്ഥാനം മുഴുവന്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞതും കലാപം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഇതു സംബന്ധിച്ച് സുഭാഷ് നേരത്തേ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. 

You might also like

Most Viewed