യുവതികൾ വലിയ നടപ്പന്തലിനു സമീപം വരെ എത്തി : പ്രതിഷേധം തുടരുന്നു


പത്തനംതിട്ട : കനത്ത പൊലീസ് സുരക്ഷയിൽ‌ യുവതികൾ വലിയ നടപ്പന്തലിനു സമീപം വരെ എത്തിയതോടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടരുന്നു. നിലത്തു കിടന്നാണ് ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് ഐജി: എസ്.ശ്രീജിത്ത് ആവശ്യപ്പെട്ടു. ആരെയും ഉപദ്രവിക്കാൻ വന്നവരല്ലെന്നും നിയമം നടപ്പാക്കാൻ ബാധ്യത പൊലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കണമെന്നും വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്നും ഐജി പറഞ്ഞു.

അതേസമയം, ആചാരലംഘനം നടക്കുകയാണെങ്കിൽ നടയടയ്ക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിർദേശം. പന്തളം കൊട്ടാര നിർവാഹകസമിതി സെക്രട്ടറി വി.എൻ.നാരായണ വർമയാണ് ഇത്തരമൊരു നിർദേശം നൽകിയത്. ശുദ്ധിക്രിയ നടത്തിയതിനുശേഷം മാത്രമേ പിന്നീട് നട തുറക്കാൻ പാടുള്ളൂവെന്നും കൊട്ടാരം അറിയിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടക്കുകയാണ്. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന് ഐജി ഉറപ്പുനൽകിയിട്ടുണ്ട്.

You might also like

Most Viewed